യാത്രാ നിയന്ത്രണത്തില്‍ നേരിയ ഇളവ് വരുത്തി കര്‍ണാടക

ബംഗ്ലൂരു: കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് എത്തുന്നവര്‍ക്കുള്ള യാത്രാ നിയന്ത്രണത്തില്‍ നേരിയ ഇളവ് വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ആദ്യ ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്നാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയുള്ള അനുബന്ധ ഉത്തരവില്‍ പറയുന്നത്.

വിമാനത്തിലും, റെയില്‍- റോഡ് വഴിയും സംസ്ഥാനത്തേക്ക് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്നും രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ പരിശോധനഫലം ഹാജരാക്കണ്ടതില്ലെന്നുമായിരുന്നു നേരത്തെ പുറത്തിറക്കിയ ഉത്തരവ്. ഇതിലാണ് ഇളവ് വരുത്തിയത്.

കേരളത്തില്‍ രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തി ജില്ലകളായ ദക്ഷിണ കന്നഡ, കുടക്, ചാമരാജ്‌നഗര എന്നിവിടങ്ങളിലെ ചെക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കാനും തീരുമാനിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടികളെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.

 

Top