കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയപ്രതിസന്ധി; ഡി.കെ ശിവകുമാര്‍ വിധാന്‍ സൗധയിലെത്തി

ബെംഗളൂരു: കര്‍ണാടകത്തില്‍ പ്രതിസന്ധി തുടരുകയാണ്. എംഎല്‍എമാരുടെ രാജിയില്‍ കോണ്‍ഗ്രസ് അനുനയത്തിനൊരുങ്ങി. സമവായ ചര്‍ച്ചകള്‍ക്കായി കര്‍ണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.

കൂട്ടരാജിയ്ക്കായി എംഎല്‍എമാര്‍ എത്തിയതിന് പിന്നാലെ ഹൈക്കമാന്റ് നിര്‍ദേശമനുസരിച്ച് ഡി.കെ ശിവകുമാര്‍ വിധാന്‍ സൗധയില്‍ എത്തിയിരുന്നു. കടുത്ത പ്രതിഷേധവുമായി എത്തിയ രാമലിംഗ റെഡ്ഡിയെപ്പോലുള്ള മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി. എന്നാല്‍ താന്‍ രാഷ്ട്രീയത്തില്‍ നിന്ന് തന്നെ വിരമിയ്ക്കുകയാണെന്ന് രാമലിംഗ റെഡ്ഡി പ്രഖ്യാപിച്ചു. മൂന്ന് എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ ഡി.കെ ശിവകുമാറിനായി. രാമലിംഗ റെഡ്ഡി, എസ്.ടി സോമശേഖര്‍, ബയ്‌രാത്തി ബസവരാജ് എന്നിവരെ ശിവകുമാര്‍ കാറില്‍ കയറ്റി വിശ്വസ്തമായ ഒരിടത്തേക്ക് മാറ്റിയിരിക്കുകയാണ്.

കോണ്‍ഗ്രസ് വിമതന്‍ രമേശ് ജര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ 11 എംഎല്‍എമാരാണ് നിയമസഭാസ്പീക്കറെ കണ്ടത്. എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെ.ഡി.എസ്. എംഎല്‍എമാരുമാണ് സ്പീക്കറുടെ ഓഫീസിലെത്തി രാജിസമര്‍പ്പിച്ചത്. എംഎല്‍എമാരുടെ രാജി ഓഫീസില്‍ ലഭിച്ചതായി സ്പീക്കര്‍ രമേശ് കുമാറും സ്ഥിരീകരിച്ചു.

അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും രണ്ട് ജെഡിഎസ് എംഎല്‍എമാരുമാണ് ആദ്യം രാജിക്കായി വിധാന്‍ സഭയിലെ സ്പീക്കറുടെ ഓഫീസില്‍ എത്തിയത്. മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡി, എച്ച്.വിശ്വനാഥ്, പ്രതാപ് ഗൗഡ പാട്ടീല്‍, ബി.സി പാട്ടീല്‍, സൗമ്യ റെഡ്ഡി എന്നിവര്‍ അടങ്ങുന്ന സംഘമാണ് സ്പീക്കറെ കാണാന്‍ എത്തിയത്. അല്‍പസമയത്തിന് ശേഷം രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി സ്പീക്കറുടെ ഓഫീസിലേക്ക് എത്തുകയായിരുന്നു.

പാര്‍ട്ടി തന്നെ അവഗണിക്കുകയാണെന്നും അതിനാല്‍ രാജിവയ്ക്കുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി അറിയിച്ചു. മകളും കോണ്‍ഗ്രസ് എംഎല്‍എയുമായ സൗമ്യ റെഡ്ഡിയും സ്പീക്കറെ കാണാനെത്തിയിരുന്നു. മകളുടെ കാര്യം തനിക്കറിയില്ലെന്നായിരുന്നു രാമലിംഗ റെഡ്ഡിയുടെ പ്രതികരണം.

അതേസമയം എംഎല്‍എമാര്‍ ആരും രാജിവയ്ക്കില്ലെന്ന് മന്ത്രി ഡി.കെ ശിവകുമാര്‍ പറഞ്ഞു. എട്ട് എംഎല്‍എമാര്‍ സ്പീക്കറെ കാണാനെത്തിയത് രാജിനീക്കത്തിന്റെ ഭാഗമാണെന്ന സൂചന വന്നതിന് പിന്നാലെ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും മന്ത്രി ഡി.കെ ശിവകുമാറും പാര്‍ട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു.

എട്ട് പേര്‍ക്ക് പിന്നാലെ ഇന്ന് തന്നെ മറ്റ് മൂന്ന് എംഎല്‍എമാരും രാജിവച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 224 അംഗ നിയമസഭയില്‍ 15 എംഎല്‍എമാര്‍ രാജിവച്ചാല്‍ കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടും.

Top