ഡി.കെ ശിവകുമാർ ഇനി ഭയക്കണം; അദ്ദേഹത്തിന്റെ ‘എതിരി’ സി.ബി.ഐ ഡയറക്ടർ!

ര്‍ണാടക കോൺഗ്രസ്സ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാറിന്റെ കണ്ണിലെകരടായ ഡി ജി പി പ്രവീൺ സൂദിനെ സി.ബി.ഐ ഡയറക്ടറായി നിയമിച്ചു. കോൺഗ്രസ്സിന്റെ ശക്തമായ എതിർപ്പു തള്ളിയാണ് പ്രധാനമന്ത്രിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ലോകസഭ പ്രതിപക്ഷ നേതാവും അടങ്ങിയ സമിതി മൂന്നു പേരുടെ പാനലിൽ നിന്നും പ്രവീൺ സൂദിനെ നിയമിച്ചിരിക്കുന്നത്. പ്രവീൺ സൂദിനെതിരെ പ്രതിപക്ഷ നേതാവ് നിലപാട് സ്വീകരിച്ചെങ്കിലും അത് അംഗീകരിക്കപ്പെട്ടിരുന്നില്ല. സിബിഐ മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്ക പട്ടികയാണ് അവസാനം ഉണ്ടായിരുന്നത്. കർണാടക ഡിജിപി പ്രവീൺ സൂദിന് പുറമെ മധ്യപ്രദേശ് ഡിജിപി സുധീർ സക്സേന, കേന്ദ്ര ഫയർ സർവീസസ് മേധാവി താജ് ഹസ്സൻ എന്നിവരെയാണ് സിബിഐ തലപ്പത്തേക്ക് പരിഗണിച്ചിരുന്നത്. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പ്രവീൺ സൂദ്. ഇദ്ദേഹത്തിനാണ് ആദ്യം മുതലേ പ്രഥമ പരിഗണന ലഭിച്ചിരുന്നത്.

കർണ്ണാടക തിരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാന പോലീസ് മേധാവിയായ പ്രവീൺ സൂദിനെതിരെ രൂക്ഷമായ വിമർശനമാണ് ഡി.കെ ശിവകുമാർ നടത്തിയിരുന്നത്. ഡിജിപി പ്രവീണ്‍ സൂദ് ബിജെപിക്ക് അനുകൂലമായി നില്‍ക്കുയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അന്യായമായി കേസെടുക്കുകയാണെന്നുമാണ് ശിവകുമാര്‍ ആരോപിച്ചിരുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഡിജിപിക്കെതിരെ നടപടി സ്വീകരിക്കുമെന്നും ശിവകുമാര്‍ മുന്നറിയിപ്പു നൽകുകയുണ്ടായി. ‘ഡി.ജി.പി വെറും പാഴാണ്. ഇദ്ദേഹത്തിനെതിരെ ഉടന്‍തന്നെ കേസുകൊടുക്കണമെന്നും അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട ഡി.കെ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇദ്ദേഹത്തെ മാറ്റണമെന്നും നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഡി ജി.പി കോണ്‍ഗ്രസിനെതിരെ മാത്രമാണ് കേസുകള്‍ എടുക്കുന്നതെന്നും. 25 ലേറെ കേസുകള്‍ ഇതിനകം എടുത്തുവെന്നുമാണ് ശിവകുമാര്‍ ആരോപിച്ചിരുന്നത്.

എന്നാൽ, കോൺഗ്രസ്സ് അദ്ധ്യക്ഷന്റെ ഈ മുന്നറിയിപ്പിലൊന്നും സംസ്ഥാന പൊലീസ് മേധാവി കുലുങ്ങിയിരുന്നില്ല. നിയമം അതിന്റെ കടമ നിർവ്വഹിക്കുമെന്നു തന്നെയാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്. ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജൻസിയുടെ തലപ്പത്ത് പ്രവീൺ സൂദ് നിയമിതനാകുമ്പോൾ ഡി.കെ ശിവകുമാറിനു മുന്നിലും വെല്ലുവിളികൾ ഏറെയാകും. കർണ്ണാടക ഉപമുഖ്യമന്ത്രിയായി ഡി.കെ ചുമതല ഏറ്റെടുത്താലും അദ്ദേഹത്തിനു മുന്നിലെ ഭീഷണികൾ ഒഴിയുകയില്ല.

നിലവിൽ വിവിധ കേന്ദ്ര ഏജൻസികളുടെ നടപടിക്കു വിധേയനായ കോൺഗ്രസ്സ് നേതാവാണ് ഡി.കെ ശിവകുമാർ. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുൻപ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിട്ടുമുണ്ട്. ബി.ജെ.പിയുടെ കണ്ണിലെ കരടായ ഡി.കെ ശിവകുമാറിനെതിരെ കേന്ദ്ര സർക്കാർ പിടിമുറുക്കാൻ ശ്രമിച്ചാൽ അതിൽ നിർണ്ണായക റോൾ ഉണ്ടാവുക സി.ബി.ഐ ഡയറക്ടർ പ്രവീൺ സൂദിനായിരിക്കും.

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത് ജയിലിടച്ചതും സി.ബി.ഐയാണ്. രാജ്യത്തെ മറ്റൊരു ഭരണകൂടവും ചെയ്യാൻ മടിക്കുന്ന കാര്യങ്ങളാണ് ബി.ജെ.പി ഭരണത്തിനു കീഴിൽ കേന്ദ്ര ഏജൻസികൾ ചെയ്തു കൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ഡി.കെ ശിവകുമാർ ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾക്ക് വളരെ സൂക്ഷിച്ചു മാത്രമേ ഇനി മുന്നോട്ടു പോകാൻ കഴിയുകയൊള്ളു. കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ ഡി.കെ ശിവകുമാർ ജയിലിൽ അടക്കാൻ ആഗ്രഹിച്ചിരുന്ന ഐ.പി.എസുകാരനാണ് സി.ബി.ഐ ഡയറക്ടർ എന്നതിനാൽ ഭയക്കുക തന്നെ വേണം.

ഭരണാധികാരികൾ മാത്രമല്ല ഐ.എ.എസ് – ഐ.പി. എസ് ഉൾപ്പെടെ കേന്ദ്ര സർവ്വീസിലെ ഏത് ഉദ്യോഗസ്ഥർ അഴിമതി നടത്തിയാലും അത് കണ്ടെത്തി നടപടി സ്വീകരിക്കാനുള്ള ചുമതലയും സി.ബി.ഐയിൽ നിക്ഷിപ്തമാണ്. അതിനാൽ കേന്ദ്ര സർവ്വീസിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരും ആശങ്കപ്പെടേണ്ടതുണ്ട്. സത്യസന്ധൻ മാത്രമല്ല കർക്കശക്കാരനായ ഉദ്യോഗസ്ഥൻ കൂടിയായാണ് പ്രവീൺ സൂദ് അറിയപ്പെടുന്നത്. തന്റെ എതിരിയായ ഡി.കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും മുൻപു തന്നെ പ്രവീൺ സൂദ് ഡൽഹിക്കു പറക്കും.

Top