കര്‍ണാടകയില്‍ അനിശ്ചിതത്വം തുടരുന്നു ;ഗവര്‍ണര്‍ നല്‍കിയ സമയം അവസാനിച്ചു

ബംഗളൂരു: കര്‍ണാടകത്തിലെ സഖ്യസര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ നല്‍കിയ സമയം അവസാനിച്ചു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്നായിരുന്നു ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരുന്നത്.

എന്നാല്‍ ഗവര്‍ണറുടെ ഇടപടെലിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ അതിരൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. കര്‍ണാടകയില്‍ ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. വിപ്പ് നല്‍കാനുള്ള അവകാശത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് വാദിക്കുന്നത്. അത് ഭരണഘടനാപരമായ അവകാശമാണെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ വാദം.

ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ നിലപാട് എന്ത് അവകാശത്തിന്റെ പേരിലാണെന്നും കോണ്‍ഗ്രസ് ചോദ്യം ഉന്നയിച്ചിരുന്നു.കര്‍ണാടക ഗവര്‍ണര്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കയ്യിലെ കളിപ്പാവയാണെന്നും ഗവര്‍ണര്‍ ബി.ജെ.പിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു.കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള ആസൂത്രിതമായ നീക്കമാണ് ഗവര്‍ണറുടെ ഇടപെടലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.

ഇന്ന് രാവിലെ സഭ ആരംഭിച്ചപ്പോള്‍ തന്നെ സഭയില്‍ വിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ച മാത്രമാണ് നടക്കുകയെന്ന് സ്പീക്കര്‍ കെ.ആര്‍. രമേഷ്‌കുമാര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഇതിനെ എതിര്‍ത്ത് ബിജെപി അംഗങ്ങള്‍ രംഗത്തെത്തി. വിശ്വാസ വോട്ടെടുപ്പ് ഇന്നു തന്നെ നടത്തണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.

Top