കര്‍ണാടക പ്രതിസന്ധി ;പുതിയ ദൗത്യവുമായി കമല്‍നാഥ് ബെംഗളൂരുവില്‍

ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് എംഎല്‍എമാര്‍ കൂറുമാറാതിരിക്കാനുള്ള ദൗത്യവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ബെംഗളൂരുവില്‍ എത്തി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് പ്രശ്നപരിഹാരത്തിനായി കമല്‍നാഥ് ശനിയാഴ്ച രാത്രി ബെംഗളൂരുവിലെത്തിയത്.

ഞായറാഴ്ച പൂര്‍ണമായും കര്‍ണാടകയിലെ പ്രശ്നപരിഹാരത്തിനായി നീക്കിവെക്കാനാണ് കമല്‍നാഥിനോട് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പലപ്പോഴും സമാനമായ പ്രതിസന്ധികള്‍ നേരിട്ടപ്പോഴൊക്കെ കമല്‍നാഥിന്റെ ഇടപെടല്‍ ഫലം കണ്ടിരുന്നു. ഈ അനുഭവ പരിചയം കര്‍ണാടകയില്‍ പ്രയോഗിക്കാനാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നത്.

എച്ച്.ഡി.കുമാരസ്വാമി സര്‍ക്കാരിന്റെ ഭാവി തുലാസിലായിരിക്കുന്ന സാഹചര്യത്തില്‍ സഖ്യം തകരാതെ നോക്കുക എന്ന ഉത്തരവാദിത്തവും കമല്‍നാഥിനുണ്ട്.

3 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെ.ഡി.എസ് എംഎല്‍എമാരും രാജി സമര്‍പ്പിച്ചതിനാല്‍ സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷമില്ലാത്ത അവസ്ഥയിലാണ്. ബി.ജെ.പി ഓപ്പറേഷന്‍ കമലയിലൂടെ എം.എല്‍.എമാരെ കൂറുമാറ്റുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Top