കര്‍ണാടകത്തില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജി വെച്ചു

ബെംഗളൂരു : കര്‍ണാടകത്തില്‍ ഒരു എംഎല്‍എകൂടി രാജിവെച്ചു. കോണ്‍ഗ്രസ് എംഎല്‍എ റോഷന്‍ ബെയ്ഗ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കി. ഇതോടെ രാജിവെച്ച എംഎല്‍എമാരുടെ എണ്ണം 14 ആയി. കര്‍ണാടക വിഷയം ലോക്സഭയില്‍ ചര്‍ച്ചയായതോടെ സഭയില്‍ പ്രതിപക്ഷം ബഹളം വെക്കുകയും സഭ നിര്‍ത്തിവെക്കുകയും ചെയ്തു.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് -ജെഡിഎസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം പാളി. കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത നിയമസഭാ കക്ഷി യോഗത്തില്‍ 18 എംഎല്‍എമാര്‍ പങ്കെടുത്തില്ല. ആറുപേര്‍ വിശദീകരണ കത്ത് നല്‍കി.

വിമതരെ അയോഗ്യരാക്കാന്‍ ശുപാര്‍ശ നല്‍കിയതായി സിദ്ധരാമയ്യ വ്യക്തമാക്കി. സ്പീക്കര്‍ക്കാണ് ശുപാര്‍ശ നല്‍കിയത്. രാജി പിന്‍വലിക്കാന്‍ എംഎല്‍എമാര്‍ തയ്യാറാകണം. നടപടിക്രമങ്ങള്‍ പാലിച്ചല്ല ഇവരാരും രാജി വച്ചിരിക്കുന്നത്. അയോഗ്യരാക്കിയാല്‍ എംഎല്‍എമാര്‍ക്ക് മന്ത്രിപദവി ഉള്‍പ്പടെ പിന്നീട് വഹിക്കാനാവില്ലെന്നും സിദ്ധരാമയ്യ മുന്നറിയിപ്പ് നല്‍കി.

എംഎല്‍എമാര്‍ രാജിവെക്കാന്‍ നിരത്തിയ കാരണങ്ങള്‍ ആത്മാര്‍ത്ഥമല്ലെന്നും തീരുമാനം സ്വമേധയാ ഉള്ളതല്ലെന്നും പണവും അധികാരവും ഉപയോഗിച്ച് സര്‍ക്കാരിനെ താഴെയിടാന്‍ ബിജെപി ശ്രമിക്കുകയാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ഇതിന് വേണ്ടി ബിജെപി ഒഴുക്കുന്ന കോടിക്കണക്കിന് പണം എവിടെനിന്നാണെന്ന് ചിന്തിക്കണം. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ ആണ് അന്തിമതീരുമാനം എടുക്കേണ്ടത്. ഉചിതമായ തീരുമാനം പ്രതീക്ഷിക്കുന്നതായും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

അഞ്ജലി നിംബാള്‍ക്കര്‍, കെ. സുധാകര്‍, റോഷന്‍ ബെയ്ഗ് എന്നിവരും യോഗത്തില്‍ പങ്കെടുത്തില്ല. എം.ടി.ബി. നാഗരാജ് യോഗത്തിനെത്തിയില്ലെങ്കിലും ആരോഗ്യകാരണങ്ങള്‍ പറഞ്ഞു കത്തു നല്‍കി. മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി ബെംഗളൂരുവിലുണ്ടായിരുന്നെങ്കിലും യോഗത്തിനെത്തിയില്ല. അതേ സമയം അദ്ദേഹത്തിന്റെ മകള്‍ സൗമ്യ റെഡ്ഡി യോഗത്തിനെത്തി. കോണ്‍ഗ്രസില്‍ നിന്ന് മാത്രം രാജിവെച്ച എംഎല്‍എമാരുടെ എണ്ണം 14 ആയി.

Top