വിശ്വാസ വോട്ടെടുപ്പിന് മുന്നേ കുമാരസ്വാമി രാജിവെച്ചേക്കുമോ; അഭ്യൂഹങ്ങള്‍ തള്ളി കോണ്‍ഗ്രസ്

ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പിന് കാത്തു നില്‍ക്കാതെ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കോണ്‍ഗ്രസ്. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിക്ക് ഗവര്‍ണറെ കാണാന്‍ മുഖ്യമന്ത്രി അനുമതി തേടിയിട്ടുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹം രാജി വെക്കുമെന്നുമാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

എന്നാല്‍ എച്ച്.ഡി. കുമാരസ്വാമി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കുമാരസ്വാമി രാജിവെക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസും തള്ളി.

ഈ പ്രതിസന്ധികള്‍ക്കിടയില്‍ തിങ്കളാഴ്ച പുനരാരംഭിച്ച നിയമസഭാ സമ്മേളനം വിധാന്‍സൗധയില്‍ പുരോഗമിക്കുകയാണ്. എം.എല്‍.എമാര്‍ക്ക് സംസാരിക്കാനുള്ള അവസരം നല്‍കിയ സ്പീക്കര്‍ കെ. രമേശ് കുമാര്‍ ആരും പത്തുമിനിറ്റലധികം സമയം സംസാരിക്കാന്‍ എടുക്കരുതെന്നും നിര്‍ദേശിച്ചു. വിമത എം.എല്‍.എമാര്‍ക്ക് വിപ്പ് ബാധകമാണെന്നും സ്പീക്കര്‍ അറിയിച്ചു. അതേസമയം, തിങ്കളാഴ്ച രാത്രിയോടെ സ്പീക്കര്‍ വിശ്വാസവോട്ടെടുപ്പ് നടത്തിയേക്കുമെന്നാണ് സൂചന.

Top