പ്രധാനമന്ത്രിയുടെ ഹെലികോപ്ടറില്‍ കറുത്ത പെട്ടി, സംഭവത്തിൽ ദുരൂഹത; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കര്‍ണാടക : കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ബിജെപി റാലിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്ടറില്‍ കറുത്ത പെട്ടി കണ്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ വിവാദം കത്തുന്നു. പ്രധാനമന്ത്രി സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പണം കടുത്തുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അടിയന്തരമായി അന്വേഷണം ആരംഭിക്കാനാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ പെട്ടിയില്‍ എന്തായിരുന്നുവെന്ന കാര്യത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി അഴിമതിക്കറ പുരളാതിരിക്കേണ്ടത് അത്യാവശ്യമാണെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. എസ്പിജി സംഘത്തിന്റെ ഭാഗമല്ലാതിരുന്ന ഒരു കാറിലാണ് ഈ പെട്ടി കൊണ്ടുപോയതെന്നും, ഇത് സംശയാസ്പദമാണെന്നും ആനന്ദ് ശര്‍മ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷനും അന്വേഷണം നടത്തണം. കോണ്‍ഗ്രസ് കര്‍ണാടക ഘടകം ഇക്കാര്യം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷനു പരാതിയും നല്‍കി.

ഈ മാസം 9നു ചിത്രദുര്‍ഗയില്‍ ഇറങ്ങിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ നിന്നിറക്കിയ പെട്ടി കാറില്‍ കയറ്റി അതിവേഗത്തില്‍ ഓടിച്ചുപോകുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ്, ജനതാദള്‍ എസ് നേതാക്കള്‍ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. സെക്യൂരിറ്റി പ്രോട്ടോക്കോള്‍ മറികടന്നെത്തിയ വാഹനം ഏതാണെന്നും എന്താണ് പെട്ടിയിലെന്നും ചോദ്യമുന്നയിച്ച ഇവര്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കു വേണ്ട ഉപകരണങ്ങളായിരുന്നു പെട്ടിയിലെന്നാണ് ചിത്രദുര്‍ഗ എസ്പി കെ. അരുണിന്റെ പ്രതികരണം.

Top