കര്‍ണാടകയില്‍ നിന്നും അധിക ദൂരമില്ല ഇവിടേയ്ക്ക്, കോണ്‍ഗ്രസ് എംഎല്‍എമാരെ സൂക്ഷിച്ചോളൂ: എ.എ റഹീം

കൊച്ചി: കര്‍ണാടകത്തിലെ എംഎല്‍എമാരുടെ കൂട്ടരാജിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കോണ്‍ഗ്രസിനെ പരിഹസിച്ച് ഡിവൈഎഫ്‌ഐ സ്റ്റേറ്റ് സെക്രട്ടറി എ.എ റഹീം. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

”പോത്തു കച്ചവടത്തിന് പേരുകേട്ട സ്ഥലമാണ് കര്‍ണാടകയിലെ ബെല്ലാരി. വില പേശി പോത്തുകളെ കൈമാറുന്നതുപോലെ ഖദറിട്ട കുറെ എംഎല്‍എ മാരെ ഇതാ ലേലം വിളിച്ചു വാങ്ങുന്നു. ഈ വ്യാപാരത്തിന് പേര് കുതിരക്കച്ചവടം എന്നാണ്. കുതിരയ്ക്ക് പകരം കഴുത കച്ചവടമെന്നോ, പന്നി കച്ചവടമെന്നോ മാറ്റിയെഴുതിയാല്‍ ആ മിണ്ടാപ്രാണികള്‍ക്ക് അപമാനമാകും”- കര്‍ണാടകയിലെ എംഎല്‍എ കച്ചവടത്തെ വിമര്‍ശിച്ച് എ.എ റഹീം. ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കര്‍ണാടകയിലെ ബെല്ലാരി പോത്തു കച്ചവടത്തിന് പേരുകേട്ട സ്ഥലമാണ്. വില പേശി പോത്തുകളെ കൈമാറുന്നതുപോലെ ഖദറിട്ട കുറെ എംഎല്‍എ മാരെ ഇതാ ലേലം വിളിച്ചു വാങ്ങുന്നു. ഈ വ്യാപാരത്തിന് പേര് കുതിരക്കച്ചവടം എന്നാണ്. കുതിരയ്ക്ക് പകരം കഴുത കച്ചവടമെന്നോ, പന്നി കച്ചവടമെന്നോ മാറ്റിയെഴുതിയാല്‍ ആ മിണ്ടാപ്രാണികള്‍ക്ക് അപമാനമാകും. .ജനാധിപത്യത്തിലെ മാലിന്യങ്ങളെയാണ് ഇവര്‍ വിലപറഞ്ഞു വാങ്ങുന്നത്. പണം കൊണ്ടും റിസോര്‍ട്ടിലെ വലിയ ചുറ്റുമതില്‍കൊണ്ടും ഈ മാലിന്യങ്ങളിലെ ദുര്‍ഗന്ധം മാറ്റാനാകില്ല.

കര്‍ണാടകയിലെ വിജയത്തെ ആഘോഷിച്ച കേരളത്തിലെ ചില യുവ എംഎല്‍എ മാരുടെ എഫ്ബി പോസ്റ്റുകള്‍ ഓര്‍മ്മ വരുന്നു
ഡി കെ ശിവകുമാറിന്റെ അരികില്‍ നില്‍ക്കുന്ന ചിത്രങ്ങളുമായി വാചാലരായവര്‍… മേല്പറഞ്ഞ മാലിന്യങ്ങള്‍ക്ക് കാവല്‍ നില്‍ക്കാന്‍ മസില്‍ പവറും പണവും ഉള്ള ഒരുവനെ ചൂണ്ടി കോണ്‍ഗ്രസ്സിന്റെ മിശിഹ ഇതാ… എന്നലറിയ കേരള നേതാക്കള്‍..

നിങ്ങള്‍,ഒരിക്കല്‍പോലും നിങ്ങളില്‍ വന്നു ചേര്‍ന്നവരോട് രാഷ്ട്രീയം പറഞ്ഞില്ല.

നിങ്ങളിലെ രാഷ്ട്രീയപാഠം 3 കാര്യങ്ങളില്‍ ഒതുങ്ങുന്നു.

1. എങ്ങനെയും അധികാരത്തിലേക്കെത്തുക,

2ഏതു വിധേനയും അധികാരത്തില്‍ തുടരുക

3.കഴിയുന്നത്രയും കയ്യിട്ടുവാരുക

രാജ്യത്തെവിടെയും സംസ്ഥാന അധ്യക്ഷന്മാര്‍ മുതല്‍ പ്രമുഖരായ നേതാക്കള്‍ വരെ നിര്‍ലജ്ജം ബിജെപിയായി മാറുന്നതും മേല്പറഞ്ഞ മൂന്നുകാര്യങ്ങള്‍ക്കയി തന്നെയല്ലേ.?

മലയാളികളായ മതേതര മനസ്സുകള്‍ക്ക് മുന്നില്‍ ഈ ‘മാലിന്യ വ്യാപാരം’ ഓര്‍മപ്പെടുത്തുന്നത്….

കര്‍ണാടകയില്‍ നിന്നും അധിക ദൂരമില്ല ഇവിടേയ്ക്ക്,ഇവിടുത്തെ കോണ്‍ഗ്രസ്സ് എംഎല്‍എ മാരിലേയ്ക്ക്.

ഓര്‍ക്കുക,

Top