എംഎൽഎമാർക്ക് താമരയോട് ‘പ്രണയം’ ആശങ്ക വിട്ടുമാറാതെ കോൺഗ്രസ്സ് . . .

ര്‍ണാടകയില്‍ സ്വയം കുഴിച്ച കുഴിയില്‍ വീഴുന്ന അവസ്ഥയിലാണിപ്പോഴും കോണ്‍ഗ്രസ്. നാല് എംഎല്‍എമാര്‍ക്ക് മന്ത്രി പദവി വാഗ്ദാനം നല്‍കിയിട്ടും അവര്‍ ബിജെപി പാളയത്തില്‍ എത്തിയ സാഹചര്യമാണ് നിലവില്‍. രണ്ട് എംഎല്‍എമാര്‍ യോഗത്തില്‍ നിന്ന് വിട്ടു നിന്നതിന്റെ കാരണം ബോധിപ്പിച്ചിട്ടുണ്ടെങ്കിലും അതിനും ഉറപ്പു പോരാ. തല്‍ക്കാലം അവിശ്വാസ ഭീഷണി മറികടന്നെന്ന് അവകാശപ്പെടുമ്പോഴും ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് കര്‍ണ്ണാടക സര്‍ക്കാര്‍. ഭരണപക്ഷത്തെ 10 എംഎല്‍എമാരുടെ പിന്തുണ ആര്‍ജ്ജിക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞാല്‍ വീണ്ടും ഒരു അട്ടിമറിയ്ക്ക് അവര്‍ ശ്രമം നടത്തും. അധികാരക്കൊതി മൂത്ത് തക്കം പാര്‍ത്തിരിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരിലാണ് ബിജെപിയുടെ കണ്ണ്.

കയ്യാലപ്പുറത്തെ തേങ്ങാ പോലെയാണ് സംസ്ഥാന ഭരണമെന്ന് പറയുമ്പോള്‍ തന്നെ അതിന് കാരണം കോണ്‍ഗ്രസിന്റെ കയ്യിലിരിപ്പാണെന്ന് പറയുന്നുണ്ട് രാഷ്ട്രീയവൃത്തങ്ങള്‍. കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം ഭരണത്തിലേറിയതുമുതല്‍ ഒളിഞ്ഞും തെളിഞ്ഞും നടന്നു വന്ന രാഷ്ട്രീയഅസ്വാരസ്യങ്ങളുടെ ഫലമാണ് ഇപ്പോള്‍ കര്‍ണാടകത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന നാടകങ്ങള്‍. എല്ലാം കൈവിട്ടുപോകുകയാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞുവരുമ്പോഴേക്കും ഭരണം ബിജെപിയുടെ കയ്യിലാകുമെന്ന അവസ്ഥയാണ് നിലവില്‍.

പ്രതിസന്ധി മറികടക്കാന്‍ പത്തൊമ്പതാമത്തെ അടവും പയറ്റിയിരിക്കുകയാണിപ്പോള്‍ കോണ്‍ഗ്രസ്. പാര്‍ട്ടിയിലെ വിമത എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കി അനുനയിപ്പിച്ച് കൂടെനിര്‍ത്താനാണ് നീക്കം. ഇതിനായി ഡി.കെ ശിവകുമാര്‍ അടക്കമുള്ള ചില മന്ത്രിമാര്‍ സ്ഥാനത്യാഗത്തിന് തയ്യാറായിട്ടുണ്ട്. മന്ത്രിസ്ഥാനം വാഗ്ദാനം നല്‍കിയിട്ടും നാല് എംഎല്‍എമാര്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ നിന്നും വിട്ട് നിന്നത് ബിജെപിയ്ക്ക് വീണ്ടും പ്രതീക്ഷ നല്‍കുന്നതാണ്.

ഇപ്പോള്‍ യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാരില്‍ ചിലരുടെ കാര്യത്തില്‍ തന്നെ വലിയ ഉറപ്പ് കോണ്‍ഗ്രസിനുമില്ല. സ്ഥാനമോഹികള്‍ക്കെല്ലാവര്‍ക്കും മന്ത്രിസ്ഥാനം കൊടുക്കാന്‍ പറ്റാത്തതിനാല്‍ സര്‍ക്കാരിന് മുന്നില്‍ വീണ്ടും ഭീഷണി നിലനില്‍ക്കുകയാണെന്ന് വ്യക്തം.

ഇപ്പോഴത്തെ ഈ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെ നയിച്ചത് ഒരുതരത്തില്‍ പറഞ്ഞാല്‍ കോണ്‍ഗ്രസ് തന്നെയാണ്. സഖ്യഭരണത്തിന് ഒരുങ്ങിപ്പുറപ്പെടുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു. പ്രത്യേകിച്ച് ശത്രുക്കളായി പരസ്പരം പോരാടിയവര്‍ ഒരുമിച്ച സാഹചര്യത്തില്‍.

അഡ്ജസ്റ്റ്‌മെന്റുകളാണ് സഖ്യഭരണത്തിന്റെ വിജയരഹസ്യം. തൊമ്മന്‍ അയയുമ്പോള്‍ ചാണ്ടി മുറുകും, ചാണ്ടി അയയുമ്പോള്‍ തൊമ്മന്‍ മുറുകുമെന്ന ശൈലി പോലെയായാല്‍ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങില്ല. അതാണ് കോണ്‍ഗ്രസിന് പറ്റിയ അമളി. അധികാരം കയ്യിലെത്തിയതോടെ നേതാക്കള്‍ പലതും മറന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന പാതിരാനാടകങ്ങളും കോടതിമുറിയില്‍ അരങ്ങേറിയ വാദപ്രതിവാദങ്ങളും എല്ലാം.

സാമ്പത്തിക നേട്ടങ്ങളെച്ചൊല്ലിയാണ് കല്ലുകടിയുണ്ടായതെന്നാണ് വിവരം. തിരഞ്ഞെടുപ്പ് വരെ എതിരാളികള്‍ ആയിരുന്നവര്‍ അധികാരത്തിന് വേണ്ടിയാണ് സഖ്യം ഉണ്ടാക്കിയത് തന്നെ. നിലനില്‍പ്പിന്റെ രാഷ്ട്രീയം പയറ്റുമ്പോള്‍ പതിനെട്ടാമത്തെ അടവെന്ന നിലയിലാണ് മുഖ്യമന്ത്രിസ്ഥാനം തന്നെ വിട്ടുകൊടുക്കാന്‍ മഹാമനസ്‌കത ഉണ്ടായതും. എന്നാല്‍, പിന്നീടങ്ങോട്ട് കാര്യങ്ങളത്ര സുഗമമായില്ല. ഉന്നതാധികാരകേന്ദ്രങ്ങളിലിരുന്ന് എതിരാളികള്‍ നേട്ടങ്ങള്‍ കൊയ്യുന്നതില്‍ ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ അസഹിഷ്ണുക്കളായത്രേ. മന്ത്രിമാര്‍ സാമ്പത്തികമായി മുന്‍പന്തിയിലെത്തുന്നതും അധികാരം കയ്യാളുന്നതും വെറും എംഎല്‍എമാര്‍ക്ക് അത്ര രസിച്ചില്ല പോലും!

ഭരണപരമായ യാതൊരു തരത്തിലുള്ള അഡ്ജസ്റ്റ്‌മെന്റുകളും കോണ്‍ഗ്രസ് അനുവദിച്ചില്ല എന്നതായിരുന്നു മറ്റൊരു കാരണം. താന്‍ പിടിക്കുന്ന മുയലിന് കൊമ്പ് മൂന്ന് ഉണ്ടെന്ന് കോണ്‍ഗ്രസ് തറപ്പിച്ചുപറഞ്ഞതോടെ കാര്യങ്ങള്‍ പലപ്പോഴും അവതാളത്തിലായി. മുഖ്യമന്ത്രിസ്ഥാനം സ്വീകരിച്ചത് വിഷം കുടിച്ചതുപോലെയായെന്ന് എച്ച് ഡി കുമാരസ്വാമിയെക്കൊണ്ട് പറയിച്ചതും കോണ്‍ഗ്രസിന്റെ ഈ പിടിവാശി തന്നെ.

തുടക്കം മുതലുണ്ടായിരുന്ന കോണ്‍ഗ്രസ്-ദള്‍ അസ്വാരസ്യങ്ങള്‍ തീവ്രമായത് സമീപകാലത്തുണ്ടായ മന്ത്രിസഭാ പുനസംഘടനയോടെയാണ്. മന്ത്രിസ്ഥാനം പോയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ അസ്വസ്ഥരായി. അവര്‍ പാളയത്തില്‍ പടയ്ക്ക് തയ്യാറായി. കഴിഞ്ഞ ദിവസം രാജിവച്ച എംഎല്‍എമാരില്‍ ഒരാള്‍ അങ്ങനെ സ്ഥാനം നഷ്ടപ്പെട്ട മന്ത്രിയാണ്.

KARNATAKA-BYPOLL

പറയുമ്പോള്‍ എല്ലാം പറയണം. കോണ്‍ഗ്രസിന് മെരുക്കാനാവാത്ത കക്ഷിയാണ് എച്ച്.ഡി.ദേവഗൗഡയുടെ ജനതാദള്‍. ഒറ്റയാന്‍ പ്രൗഢിയോടെ രാഷ്ട്രീയരംഗത്ത് വിഹരിക്കുന്ന കുടുംബപാര്‍ട്ടി. ഇക്കുറി സമയം തെളിഞ്ഞു നിന്നത് ദേവഗൗഡയ്ക്കും മക്കള്‍ക്കുമായിരുന്നു. അതുകൊണ്ടാണ് കോണ്‍ഗ്രസിന് അങ്ങോട്ട് ചെന്ന് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് സഖ്യം ഉണ്ടാക്കേണ്ടി വന്നത്. ഭരണത്തില്‍ കോണ്‍ഗ്രസിന്റെ നിര്‍ദേശങ്ങള്‍ക്ക് ജനതാദള്‍ ചെവികൊടുക്കുന്ന കാര്യവും അത്രയ്ക്കേ ഉള്ളൂ എന്ന് സാരം. അത് കണ്ടറിഞ്ഞ് പെരുമാറാന്‍ കോണ്‍ഗ്രസിന് കഴിയാതെ പോയതാണ് അവരുടെ പരാജയം.

നിയമസഭയ്ക്ക് അകത്തുള്ളവര്‍ മാത്രമല്ല പുറത്തുള്ള കോണ്‍ഗ്രസ് നേതാക്കളും തരംകിട്ടുമ്പോഴൊക്കെ ജനതാദളിനെ കുറ്റപ്പെടുത്താനും വിമര്‍ശിക്കാനും മറന്നില്ല. പരസ്യവിമര്‍ശനങ്ങള്‍ പരിധിവിട്ടതോടെ മുഖ്യമന്ത്രി കുമാരസ്വാമി തന്നെ സഹമന്ത്രിമാരായ കോണ്‍ഗ്രസുകാരോട് നേതാക്കളെ നിലയ്ക്ക് നിര്‍ത്തണമെന്ന് പറയേണ്ട അവസ്ഥ വരെയുണ്ടായി.

KARNATAKA

അങ്ങോട്ട് ചെന്ന് കൂട്ടുകൂടി ഭരണത്തിലേറിയിട്ട് അതിനു ശേഷം ജനതാദളിനെ മൂക്കുകയറിട്ട് പിടിക്കാമെന്ന് വിചാരിച്ചിടത്താണ് കോണ്‍ഗ്രസിന് തെറ്റിയതെന്ന് സാരം. ബിജെപിയുടെ ഓപ്പറേഷന്‍ താമരയിലൂടെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒന്നിനു പിറകേ ഒന്നായി ശത്രുപാളയത്തിലെത്തുകയും ഭരണം നഷ്ടപ്പെടുകയും ചെയ്താല്‍ ജനതാദളിനല്ല, കോണ്‍ഗ്രസിന് തന്നെയാണ് കൂടുതല്‍ നഷ്ടം.

കാരണം ബിജെപിക്കൊപ്പം നിന്ന ചരിത്രമുള്ള പാര്‍ട്ടിയാണ് ജനതാദള്‍. അന്ന് കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപിക്കൊപ്പം പോയി മുഖ്യമന്ത്രിയായ ആളാണ് കുമാരസ്വാമി.


ചുരുക്കത്തില്‍ പറഞ്ഞാല്‍ ഈ രാഷ്ട്രീയപ്രതിസന്ധികള്‍ക്കിടയില്‍ ചരിത്രം ആവര്‍ത്തിക്കപ്പെടാതിരിക്കണമെങ്കില്‍ കോണ്‍ഗ്രസ് ഏറെ പണിപ്പെടേണ്ടി വരുമെന്ന് സാരം!

political reporter

Top