കോപ്പിയടി തടയാന്‍ വിദ്യാര്‍ത്ഥികളുടെ തലയില്‍ കാര്‍ഡ്ബോര്‍ഡ്; കോളേജിനോട് വിശദീകരണം തേടി സര്‍ക്കാര്‍

ബെംഗളൂരു: കോപ്പിയടി തടയാന്‍ വിദ്യാര്‍ത്ഥികളുടെ തലയില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ ധരിപ്പിച്ച സംഭവം വിവാദമാകുന്നു. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ഭഗത് പ്രീ-യൂണിവേഴ്സിറ്റി കോളേജിലാണ് വിദ്യാര്‍ത്ഥികള്‍ കോപ്പിയടിക്കാതിരിക്കാന്‍ മാനോജ്‌മെന്റ് തലയില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ ധരിപ്പിച്ചത്.

ബോക്സുകള്‍ ധരിച്ച വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ കോളേജ് മാനേജ്മെന്റ് അംഗം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇത് വിവാദമാകുന്നത്.


കഴിഞ്ഞ തവണത്തെ പരീക്ഷയ്ക്ക് വിദ്യാര്‍ഥികള്‍ പരസ്പരം സഹായിച്ചിരുന്നുവെന്നും ഇത് തടയാനാണ് കോളേജ് ഇത്തരത്തില്‍ ഒരു നടപടി സ്വീകരിച്ചതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അവകാശപ്പെട്ടിരുന്നു.സംഭവം വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്‌തെങ്കിലും മറ്റുപലരും ഇത് റീപോസ്റ്റ് ചെയ്തിട്ടുണ്ട്.

ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധിപ്പേരാണ് കോളേജിനെതിരെ രംഗത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ വിശദീകരണം തേടി സംസ്ഥാന സര്‍ക്കാര്‍ കോളേജിന് നോട്ടീസ് അയച്ചിട്ടുണ്ട്.

Top