സ്വതന്ത്ര എംഎല്‍എമാരെ ഉള്‍പ്പെടുത്തി കര്‍ണാടകത്തില്‍ മന്ത്രിസഭാ വികസനം ബുധനാഴ്ച

ബെംഗളൂരു: കര്‍ണാടക മന്ത്രിസഭ ജൂണ്‍ പന്ത്രണ്ടിന് വികസിപ്പിക്കും. ബുധനാഴ്ച പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.30നാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. 34 അംഗ മന്ത്രിസഭയില്‍ മൂന്നു സ്ഥാനങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നത്.

സ്വതന്ത്ര എംഎല്‍എമാരായ ആര്‍ ശങ്കര്‍, എച്ച് നാഗേഷ് എന്നിവര്‍ മന്ത്രിമാരാകും. ജെഡിഎസിന്റെ ഒഴിവുളള മന്ത്രിസ്ഥാനമാണ് ഇരുവര്‍ക്കും നല്‍കുക. കോണ്‍ഗ്രസിന്റെ ഒഴിവുളള ഒരു സീറ്റില്‍ വിമതശബ്ദമുയര്‍ത്തിയ മുതിര്‍ന്ന നേതാക്കളെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിക്കാണ് കൂടുതല്‍ സാധ്യത.

ഇതോടൊപ്പം ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കാനായി നിലവിലെ ചില മന്ത്രിമാരോട് കോണ്‍ഗ്രസ് രാജി ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്. സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കുന്നതോടെ 224 അംഗ സഭയില്‍ 119 പേരുടെ പിന്തുണയാകും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന്.

Top