തോല്‍വി അംഗീകരിക്കുന്നു; ജനങ്ങള്‍ കൂറുമാറ്റക്കാരെ സ്വീകരിച്ചെന്ന് ഡി.കെ.ശിവകുമാര്‍

ബെംഗളൂരു: തിരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളിലേയും വോട്ടര്‍മാരുടെ ജനഹിതം അംഗീകരിക്കുന്നുവെന്നും ജനങ്ങള്‍ കൂറുമാറ്റക്കാരെ സ്വീകരിച്ചെന്നും കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍. ഞങ്ങള്‍ തോല്‍വി അംഗീകരിക്കുന്നു. അതേ സമയം തോല്‍വിയില്‍ തങ്ങള്‍ നിരാശരാകില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളിലും ബിജെപി വ്യക്തമായ ലീഡ് നേടിയതിന് പിന്നാലെയാണ് പ്രതികരണവുമായി അദ്ദഹം രംഗത്ത് വന്നത്.

കര്‍ണാടക ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ബിജെപി 15-ല്‍ 12 സീറ്റുകളില്‍ മുന്നേറുകയാണ്. രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസും ഒരിടത്ത് സ്വതന്ത്രനുമാണ് മുന്നേറുന്നത്. ജെഡിഎസ് ഒരിടത്തും ലീഡ് ചെയ്യുന്നില്ല.

ഹൊസകോട്ടയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായ ശരത്കുമാര്‍ ബച്ചെഗൗഡയാണ് ലീഡ് ചെയ്യുന്നത്. ഇവിടെ കോണ്‍ഗ്രസ് വിമതനായ എം.ടി.ബി.നാഗരാജിന് ബിജെപി സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് ബിജെപി വിട്ടാണ് ശരത് കുമാര്‍ സ്വതന്ത്രനായി മത്സരിച്ചത്.ശിവാജി നഗറിലും ഹുനസരുവിലും മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ കേറിയ നാലുമാസമായിട്ടേ ഉള്ളൂ അതിനാല്‍ തന്നെ ഈ തെരഞ്ഞെടുപ്പ് ഭരണപക്ഷത്തിന് നിര്‍ണായകമാണ്.

തിരഞ്ഞെടുപ്പ് നടന്ന 13 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ്. വിമതരെയാണ് ബി.ജെ.പി. സ്ഥാനാര്‍ത്ഥിയാക്കിയത്. ജയിച്ചാല്‍ ഇതില്‍ പലരും മന്ത്രിമാരായേക്കും. ആ ഉറപ്പിലാണ് വിമതരില്‍ പലരും ബിജെപിയിലേക്കെത്തിയത്. ഭരണം നിലനിര്‍ത്താന്‍ ചുരുങ്ങിയത് ആറ് സീറ്റുകളിലെങ്കിലും ബിജെപിക്ക് ജയിക്കണം. ബിജെപി വന്‍ നേട്ടമുണ്ടാകുമെന്ന് എക്‌സിറ്റ് പോളുകളുകളും പ്രവചിച്ചിരുന്നു.

ഡിസംബര്‍ അഞ്ചിനായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. കോടികളെറിഞ്ഞുള്ള പ്രചരണമാണ് ഉപതെരഞ്ഞെടുപ്പില്‍ എല്ലാപാര്‍ട്ടികളും നടത്തിയത്. കോണ്‍ഗ്രസിനായി മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെയും ഡി.കെ ശിവകുമാറിന്റെയും നേതൃത്വത്തിലായിരുന്നു പ്രധാന പ്രചാരണം. കനത്ത സുരക്ഷാ സംവിധാനമാണ് ഉപതിരഞ്ഞെടുപ്പ് ഫലം വരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ഒരുക്കിയിട്ടുള്ളത്.

Top