കര്‍ണാടകയില്‍ 15 മണ്ഡലങ്ങളിലേയ്ക്ക് പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ചു

ന്യൂഡല്‍ഹി: എംഎല്‍എമാര്‍ രാജി വെച്ചതിനെ തുടര്‍ന്ന് ഒഴിവുണ്ടായ കര്‍ണാടകത്തിലെ 15 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ചു. തെരഞ്ഞെടുപ്പ് മാറ്റിവെച്ച കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് സുപ്രീംകോടതിയെ അറിയിച്ചത്.

തങ്ങളെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്തു കൊണ്ട് രാജിവെച്ച വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ തീരുമാനം വന്നതിനു ശേഷമായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയുള്ളൂവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഒക്ടോബര്‍ 22ലേക്ക് മാറ്റി.

കേരളവും തമിഴ്‌നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് കര്‍ണാടകയിലും ഉപതെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. കര്‍ണാടക നിയമസഭയിലെ 17 എംഎല്‍എമാരാണ് ഇതുവരെ രാജിവെച്ചത്.

Top