ഉപതിരഞ്ഞെടുപ്പ്; 11 സീറ്റുകളില്‍ ബിജെപി മുന്നില്‍, ആഘോഷം തുടങ്ങി പ്രവര്‍ത്തകര്‍

ബംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തില്‍ 11 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ട് നില്‍ക്കുകയാണ്. അതേസമയം കോണ്‍ഗ്രസ് രണ്ട് മണ്ഡലത്തില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. നിലവില്‍ മുന്നില്‍ നില്‍ക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസ് വിമതരാണ്.

നിലവിലെ ലീഡ് നില തങ്ങള്‍ക്ക് അനുകൂലമാണെന്നിരിക്കെ മണ്ഡലങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ ഇതിനോടകം ആഘോഷം ആരംഭിച്ചു. പാര്‍ട്ടി ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുര വിതരണം നടത്തി ആഘോഷിക്കുകയാണ്.
ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ കേറിയ നാലുമാസമായിട്ടേ ഉള്ളൂ അതിനാല്‍ തന്നെ ഈ തെരഞ്ഞെടുപ്പ് ഭരണപക്ഷത്തിന് നിര്‍ണായകമാണ്.

തിരഞ്ഞെടുപ്പ് നടന്ന 13 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ്. വിമതരെയാണ് ബി.ജെ.പി. സ്ഥാനാര്‍ത്ഥിയാക്കിയത്. ജയിച്ചാല്‍ ഇതില്‍ പലരും മന്ത്രിമാരായേക്കും. ആ ഉറപ്പിലാണ് വിമതരില്‍ പലരും ബിജെപിയിലേക്കെത്തിയത്. ഭരണം നിലനിര്‍ത്താന്‍ ചുരുങ്ങിയത് ആറ് സീറ്റുകളിലെങ്കിലും ബിജെപിക്ക് ജയിക്കണം. ബിജെപി വന്‍ നേട്ടമുണ്ടാകുമെന്ന് എക്സിറ്റ് പോളുകളുകളും പ്രവചിച്ചിരുന്നു.

ഡിസംബര്‍ അഞ്ചിനായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. കോടികളെറിഞ്ഞുള്ള പ്രചരണമാണ് ഉപതെരഞ്ഞെടുപ്പില്‍ എല്ലാപാര്‍ട്ടികളും നടത്തിയത്. കോണ്‍ഗ്രസിനായി മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെയും ഡി.കെ ശിവകുമാറിന്റെയും നേതൃത്വത്തിലായിരുന്നു പ്രധാന പ്രചാരണം. കനത്ത സുരക്ഷാ സംവിധാനമാണ് ഉപതിരഞ്ഞെടുപ്പ് ഫലം വരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ഒരുക്കിയിട്ടുള്ളത്.

Top