കർണ്ണാടക പലയിടത്തും ആവർത്തിക്കും ! മധ്യപ്രദേശിൽ കോൺഗ്രസ്സ് ചങ്കിടിപ്പിൽ . .

ഹാരാഷ്ട്രയിലെ തിരിച്ചടിക്ക് മധുരമായ ഒരു പ്രതികാരമാണിപ്പോള്‍ കര്‍ണ്ണാടകയില്‍ ബി.ജെ.പി നല്‍കിയിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന 15 സീറ്റുകളില്‍ 12 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ സിറ്റിംഗ് സീറ്റുകളിലാണ് അട്ടിമറി നടന്നിരിക്കുന്നത്.

കാവിപ്പടയ്ക്ക് ഈ വന്‍ വിജയം സമ്മാനിച്ചതില്‍ കോണ്‍ഗ്രസ്സും ജെ.ഡി.എസും വഹിച്ച പങ്ക് ചെറുതല്ല. ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത് തന്നെ ഈ പാര്‍ട്ടികളിലെ എം.എല്‍.എമാരാണ്. അവരുടെ അധികാര മോഹമാണ് എംഎല്‍എമാരെ കൂട് മാറി കാവി പാളയത്തിലെത്തിച്ചിരുന്നത്. ഈ അധികാര മോഹികളെ തന്നെ വീണ്ടും മത്സരിപ്പിച്ച് വിജയിപ്പിച്ചാണ് യെദ്യൂരപ്പ നില ഭദ്രമാക്കിയിരിക്കുന്നത്.

ഉപതിരഞ്ഞെടുപ്പ് നടന്ന 15 സീറ്റില്‍ 11 മണ്ഡലങ്ങളിലും കഴിഞ്ഞ തവണ വിജയിച്ചത് കോണ്‍ഗ്രസ്സാണ്. സിറ്റിംഗ് സീറ്റുകളിലെ ഈ പതനം വന്‍ പൊട്ടിത്തെറിയിലേക്കാണ് കോണ്‍ഗ്രസിനെ ഇനി എത്തിക്കുക. 222 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 112 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് സര്‍ക്കാറിനെ നിലനിര്‍ത്താന്‍ 112 പേരുടെ പിന്തുണയാണ് വേണ്ടത്.106 അംഗങ്ങളുടെ പിന്തുണയാണ് നിലവിലുള്ളത്. കേവല ഭൂരിപക്ഷം തികയ്ക്കാന്‍ ആറ് സീറ്റ് വേണ്ടിടത്താണിപ്പോള്‍ 12 സീറ്റുകള്‍ ബി.ജെ.പി നേടിയിരിക്കുന്നത്.

കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ജെഡിഎസിനാകട്ടെ ഒരിടത്തും ജയിക്കാന്‍ സാധിച്ചിട്ടുമില്ല. ശിവാജി നഗര്‍, ഹുന്‍സൂര്‍ സീറ്റുകളിലാണ് കോണ്‍ഗ്രസ് ജയിച്ചത്. ഹൊസകോട്ടെ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ശരത് ബച്ചെ ഗൗഡ മുന്നിലെത്തി. ബിജെപിയുടെ റിബല്‍ സ്ഥാനാര്‍ഥിയായ ശരത് ബിജെപി എംപിയായ ബി.എന്‍. ബച്ചെ ഗൗഡയുടെ മകന്‍ കൂടിയാണ്.

കഴിഞ്ഞ തവണ വിജയിച്ച 10 സീറ്റുകളില്‍ ശിവാജി നഗര്‍ മാത്രമാണ് കോണ്‍ഗ്രസിന് നിലനിര്‍ത്താന്‍ സാധിച്ചത്. ഹുന്‍സൂര്‍ ജെഡിഎസില്‍ നിന്നാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ബിജെപി വിജയിച്ച സീറ്റുകള്‍, അത്താണി, കഗ് വാഡ്, ഗോഖക്, യെല്ലാപുര, ഹിരെക്കേരൂര്‍, റാണിബെന്നൂര്‍, വിജയനഗര്‍, ചിക്കബെല്ലാപുര, കെ.ആര്‍ പുരം, യശ്വന്ത്പുര, മഹാലക്ഷ്മി ലേഔട്ട്, കൃഷ്ണരാജപേട്ട് എന്നിവയാണ്.

ഒരു പൂ ചോദിച്ചടത്ത് പൂക്കട തന്നെ കിട്ടിയ അവസ്ഥയാണിത്. ഇനി കാലാവധി തികയ്ക്കും വരെ വെല്ലുവിളിയില്ലാതെ യെദ്യൂരപ്പയ്ക്ക് ഭരിക്കാന്‍ കഴിയും. മുമ്പ് വിവാദങ്ങളിലൂടെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് അനഭിമതനായ യെദ്യൂരപ്പ മോദിക്കും അഭിമാനമായ നിമിഷമാണിത്.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സ് കാട്ടിയ രാഷ്ട്രീയ വഞ്ചനയ്ക്കുള്ള തിരിച്ചടിയായാണ് ബി.ജെ.പി കര്‍ണ്ണാടക ഫലത്തെ വിലയിരുത്തുന്നത്.

കര്‍ണ്ണാടക മോഡല്‍ പരീക്ഷണം രാജസ്ഥാനിലേക്കും മധ്യപ്രദേശിലേക്കും ബി.ജെ.പി വ്യാപിപ്പിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ രൂക്ഷമായ ഭിന്നതയാണുള്ളത്. ഇത് പ്രയോജനപ്പെടുത്താന്‍ ബി.ജെ.പി ഇറങ്ങിയാല്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ ആടിഉലയും. പ്രത്യേകിച്ച് മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍, ഇവിടെ ജോതിരാദിത്യ സിന്ധ്യ വലിയ വെല്ലുവിളിയാണ് കമല്‍നാഥിന് ഉയര്‍ത്തുന്നത്. സിന്ധ്യ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹവും ശക്തമാണ്

230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് 113 സീറ്റാണ്. ബി.എസ്.പിയുടെ രണ്ടും എസ്.പിയുടെ ഒന്നും നാല് സ്വതന്ത്രരും ഉള്‍പ്പടെ 120 അംഗങ്ങളുടെ പിന്തുണയാണ് കമല്‍ നാഥ് സര്‍ക്കാരിനുള്ളത്.116 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. പ്രതിപക്ഷ കക്ഷിയായ ബിജെപിക്ക് 109 സീറ്റാണ് ഇവിടെയുള്ളത്. ഏഴംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ കഴിയും.

2013ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 165 സീറ്റുകള്‍ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തിലേറിയിരുന്നത്. അധികാരത്തിലേറിയ മൂന്നുവട്ടവും ശിവരാജ് സിങ് ചൗഹാനായിരുന്നു ബിജെപി മുഖ്യമന്ത്രി. ഭരണ വിരുദ്ധ വികാരമാണ് മധ്യപ്രദേശില്‍ ചതിച്ചതെന്നാണ് ബിജെപി പറയുന്നത്. കാവിപ്പട വിചാരിച്ചാല്‍ അട്ടിമറി സാധ്യത നിലനില്‍ക്കുന്ന സംസ്ഥാനം കൂടിയാണ് മധ്യപ്രദേശ്.

രാജ്യസ്ഥാനിലും സ്ഥിതി വ്യത്യസ്തമല്ല ഇവിടെ മുഖ്യമന്ത്രി അശോക് ഖലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും ശീതസമരത്തിലാണ്. കോണ്‍ഗ്രസ്സ് എം.എല്‍.എമാരിലും ഈ ചേരിതിരിവ് പ്രകടമാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലും എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാന്‍ വളരെ എളുപ്പത്തില്‍ ബി.ജെ.പിക്ക് കഴിയും.

കര്‍ണ്ണാടക മോഡലില്‍ കൂറ് മാറി വരുന്നവര്‍ക്ക് സീറ്റുകള്‍ കൂടി വിട്ട് നല്‍കാന്‍ ബിജെപി തയ്യാറായാല്‍ കൂടുതല്‍ പേര്‍ ചേരി മാറാനാണ് സാധ്യത. കര്‍ണ്ണാടക തിരിച്ചടിയോടെ കോണ്‍ഗ്രസ്സ് നേരിടുന്ന പ്രധാന വെല്ലുവിളിയും ഇതുതന്നെയാണ്.

മഹാരാഷ്ട്രയില്‍ പോലും കോണ്‍ഗ്രസ്സ് – എന്‍.സി.പി പാര്‍ട്ടികളിലെ അസംതൃപ്തരെ ബി.ജെ.പി ലക്ഷ്യമിട്ടു കഴിഞ്ഞു.ഫ്ടനവാസിനെതിരെ ശിവസേന സഖ്യ സര്‍ക്കാര്‍ നടത്തുന്ന നീക്കമാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടാക്കാന്‍ ഉദ്ധവ് സര്‍ക്കാര്‍ ശ്രമിക്കുന്നതായും ബി.ജെ.പി ആരോപിക്കുന്നുണ്ട്. പങ്കജ് മുണ്ടയുള്‍പ്പെടെയുള്ളവരുടെ നീക്കങ്ങളാണ് ഈ ആരോപണത്തിന് അടിസ്ഥാനം.

എത്രയും പെട്ടന്ന് മഹാരാഷ്ട്ര സഖ്യ സര്‍ക്കാറിനെ വീഴ്ത്തുക എന്നത് കേന്ദ്ര സര്‍ക്കാറിനെ സംബന്ധിച്ചും ഇപ്പോള്‍ അനിവാര്യമായിരിക്കുകയാണ്. കേന്ദ്ര പദ്ധതികള്‍ക്ക് മേല്‍ സംസ്ഥാന സര്‍ക്കാര്‍ റെഡ് സിഗ്‌നല്‍ ഉയര്‍ത്തിയതാണ് കേന്ദ്രത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അല്‍പ്പായുസാണ് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് തന്നെ ഉദ്ധവ് സര്‍ക്കാറിന് പ്രവചിച്ചിരിക്കുന്നത്.

മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഭരണം തിരിച്ച് പിടിക്കാന്‍ ഏത് മാര്‍ഗ്ഗം സ്വീകരിക്കാനും സംഘ പരിവാര്‍ നേതൃത്വവും അനുമതി നല്‍കി കഴിഞ്ഞിട്ടുണ്ട്. കൂറ് മാറി വരുന്നവരെ രാജി വയ്പിച്ച് അതേ മണ്ഡലങ്ങളില്‍ തന്നെ മത്സരിപ്പിക്കുന്നതിനോട് ആര്‍.എസ്.എസിനും നിലവില്‍ വലിയ എതിര്‍പ്പില്ല.

സി.പി.എം എം.എല്‍.എയെ പോലെ പാര്‍ട്ടി പറയുന്നത് മാത്രം അനുസരിക്കുന്നവരല്ല മറ്റു പാര്‍ട്ടികളിലെ എം.എല്‍.എമാര്‍. അതുകൊണ്ട് തന്നെ ആരെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും നിഷ്പ്രയാസം അടര്‍ത്തിയെടുക്കാന്‍ കഴിയും.

പേയ്‌മെന്റ് സീറ്റുകളാണ് മിക്കതും എന്നതിനാല്‍ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികളിലെ എം.എല്‍.എമാര്‍ക്ക് പാര്‍ട്ടി കൂറും വളരെ കുറവാണ്. അധികാരവും പണവും ഉള്ളടത്തേക്ക് കളം മാറാന്‍ ഇത്തരക്കാര്‍ക്ക് ഒരു മടിയുമില്ല.

കേഡര്‍ സെറ്റപ്പ് ഉള്ളത് കൊണ്ടാണ് ബി.ജെ.പി സ്വന്തം എം.എല്‍.എമാരെ പിടിച്ച് നിര്‍ത്തുന്നത്. കേഡര്‍ പാര്‍ട്ടിയായ ശിവസേനക്ക് പോലും പാര്‍ട്ടി എം.എല്‍.എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റേണ്ടി വന്നതും സമീപ കാല ചരിത്രമാണ്.

പണത്തിനും അധികാരത്തിനും മീതെ പരുന്തു മാത്രമല്ല, ജനപ്രതിനിധികളും പറക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.ഈ അവസ്ഥ തന്നെയാണ് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളുടെ നിലനില്‍പ്പിന് പോലും ഇപ്പോള്‍ വെല്ലുവിളിയായിരിക്കുന്നത്. ഇവിടെ വിഡ്ഢികളാക്കപ്പെടുന്നത് പാവം വോട്ടര്‍മാരാണ്. ജനാധിപത്യ സംവിധാനം തന്നെയാണ് ഇതോടെ ചോദ്യം ചെയ്യപ്പെടുന്നത്.

Political Reporter

Top