വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്തില്ല; ബിഎസ്പി എംഎഎല്‍എയെ പുറത്താക്കി മായാവതി

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന ബിഎസ്പി എംഎഎല്‍എ എന്‍.മഹേഷിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. ബിഎസ്പി അധ്യക്ഷ മായാവതിയാണ് മഹേഷിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയത്.

വിശ്വാസവോട്ടെടുപ്പില്‍ കുമാരസ്വാമിക്ക് അനുകൂലമായി വോട്ടു ചെയ്യണമെന്ന് നേരത്തെ മായാവതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ നിര്‍ദേശം ലംഘിച്ച് മഹേഷ് വിശ്വാസവോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നു. ഇതോടെ മഹേഷിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുകയായിരുന്നു.

വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കാനും നിഷ്പക്ഷത പുലര്‍ത്താനും പാര്‍ട്ടിയില്‍നിന്നും നിര്‍ദേശം ലഭിച്ചതായി മഹേഷ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ മഹേഷിനെ തിരുത്തി മായാവതി തന്നെ രംഗത്തുവന്നു. മുഖ്യമന്ത്രി കുമാരസ്വാമിക്ക് അനുകൂലമായി വോട്ടു ചെയ്യാന്‍ മഹേഷിന് മായാവതി നിര്‍ദേശം നല്‍കി. എന്നാല്‍ വിമത എംഎല്‍എമാരും മഹേഷും വിശ്വാസപ്രമേയ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

ഭരണപക്ഷത്തെ പതിനാറ് എം എല്‍ എമാരുടെ രാജിയെ തുടര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. തുടര്‍ന്ന് സര്‍ക്കാര്‍ വിശ്വാസവോട്ട് നേരിടുകയും പരാജയപ്പെടുകയുമായിരുന്നു. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തെ 99 എം എല്‍ എമാരാണ് അനുകൂലിച്ചത്. 105 എം എല്‍ എമാര്‍ എതിര്‍ത്തു.

Top