വിമതര്‍ക്കും അവസരം : കര്‍ണാടകയില്‍ മന്ത്രിസഭാ വികസനത്തിന് ഒരുങ്ങി ബി.ജെ.പി

ബെംഗളുരു : കർണാടകത്തിൽ മന്ത്രിസഭാ വികസന ചർച്ചകളിലേക്ക് കടന്ന് ബിജെപി. ഇതിന് കേന്ദ്രനേതൃത്വത്തിന്റെ അനുമതി തേടാൻ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ ഡൽഹിയിലേക്ക് പോകും.

ഒപ്പം നിന്ന വിമതർക്ക് മന്ത്രിസഭയിൽ ഇടം നൽകുമെന്ന് യെദ്യൂരപ്പ പ്രഖ്യാപിച്ച് കഴിഞ്ഞു. വിമത നീക്കത്തിന് നേതൃത്വം നൽകിയ രമേഷ് ജാർക്കി ഹോളിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ഗോഗാക്കിൽ നിന്നാണ് രമേഷ് വീണ്ടും നിയമസഭയിൽ എത്തിയത്.

തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും നിയമസഭ കൗൺസിലിൽ എത്തിച്ച് എം.ടി.ബി.നാഗരാജിനെ മന്ത്രിയാക്കാനാണ് സാധ്യത. മത്സരിച്ച 13 വിമതരിൽ 11 പേരും വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പരാതികളില്ലാതെ മുഴുവൻ വിമതർക്കും അർഹമായ പ്രാതിനിധ്യം നൽകുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം.

അതേ സമയം തെരഞ്ഞെടുപ്പ് തോൽ‌വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന കോൺഗ്രസിലെ കൂടുതൽ നേതാക്കൾ പാർട്ടി പദവി രാജിവച്ചേക്കും. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ട് റാവു എന്നിവർ ഇന്നലെ രാജി നൽകിയിരുന്നു.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഡി.കെ ശിവകുമാർ എത്തിയേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ സിദ്ധരാമയ്യ, പി.സി.സി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കും. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഇരുവരും രാജിവച്ചത്.

Top