കര്‍ണ്ണാടകയിലെ കാവി ഭരണം കണ്ണൂരിലും . . ‘പ്രതിധ്വനി’ സൃഷ്ടിക്കും, പരക്കെ ആശങ്ക !

kannur, RSS

കണ്ണൂര്‍: കര്‍ണ്ണാടകയില്‍ ബി.ജെ.പി മന്ത്രിസഭ അധികാരമേറ്റത് കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പുതിയ ‘വഴിതിരിവു’ണ്ടാക്കിയേക്കും. ആക്രമണ സംഭവങ്ങള്‍ ഉണ്ടായാല്‍ ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ഒളിക്കാനുള്ള സുരക്ഷിതമായ ഇടമായി മാറും ഇനി കര്‍ണ്ണാടക.

മുന്‍പ് കര്‍ണ്ണാടക ബി.ജെ.പി ഭരിച്ചിരുന്ന ഘട്ടത്തില്‍ അവിടെ നിന്നും കൊലയാളി സംഘമെത്തി കേരളത്തില്‍ കൃത്യം നിര്‍വ്വഹിച്ച് മടങ്ങിയതായ വാര്‍ത്തകള്‍ കൂടി ഇപ്പോള്‍ പരിശോധിക്കുമ്പോള്‍ സി.പി.എമ്മിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് ഇനി അഭിമുഖീകരിക്കാനിരിക്കുന്നത്.

മാഹിയില്‍ സി.പി.എം പ്രവര്‍ത്തകനെ കൊന്നതിന് പ്രതികാരമായി മണിക്കൂറുകള്‍ക്കുള്ളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തി കണക്ക് തീര്‍ത്ത സാഹചര്യം ഇപ്പോഴും മേഖലയില്‍ പുകഞ്ഞ് കൊണ്ടിരിക്കുകയാണ്. മാഹി, കണ്ണൂര്‍, കാസര്‍കോഡ് ഭാഗങ്ങളില്‍ നിന്നും പൊലീസിനെ വെട്ടിച്ച് എളുപ്പത്തില്‍ കര്‍ണ്ണാടകയില്‍ എത്താനുള്ള നിരവധി വഴികളാണുള്ളത്. ഈ സാഹചര്യം ഇനി ആക്രമണം പൊട്ടി പുറപ്പെട്ടാല്‍ ബി.ജെ.പി -ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഉപയോഗിക്കുമെന്ന കാര്യം ഉറപ്പാണ്.

മാത്രമല്ല, രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയില്‍ ഒളിവില്‍ പോകുന്ന സംഘ പരിവാര്‍ പ്രവര്‍ത്തകരെ പിടികൂടുക എന്നതും കേരള പൊലീസിനെ സംബന്ധിച്ച് ഇനി വളരെ ബുദ്ധിമുട്ടാകും. സാധാരണ ഗതിയില്‍ മറ്റു സംസ്ഥാനങ്ങളിലെ പൊലീസിനെ അറിയിക്കാതെ അവിടെ ഇടപെടല്‍ നടത്തുവാന്‍ കേരള പൊലീസ് തുനിയാറില്ല. ഇതര സംസ്ഥാനങ്ങളിലെ പൊലീസ് തിരിച്ചും അത്തരത്തിലുള്ള ഇടപെടല്‍ ഇവിടെയും നടത്താറില്ല.

ഫെഡറല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാറുകളും പൊലീസ് സംവിധാനങ്ങളും പരസ്പരം സഹകരിച്ചാണ് കേസന്വേഷണങ്ങളിലും ക്രമസമാധാന രംഗത്തും നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നത്. എന്നാല്‍ ഈ സഹകരണമൊന്നും യെദിയൂരപ്പ മുഖ്യമന്ത്രിയായാല്‍ കര്‍ണാടക പൊലീസ് കേരള പൊലീസിന് നല്‍കുമെന്ന് തോന്നുന്നില്ല. സഹകരണമില്ലാതെ ഇനി കര്‍ണ്ണാടകയില്‍ ചെന്ന് സാഹസം കാട്ടിയാല്‍ കേരള പൊലീസ് കുഴപ്പത്തിലാകുമെന്ന് മാത്രമല്ല, ചിലപ്പോള്‍ അവിടെ കേസില്‍ പ്രതികളായാല്‍ പോലും അത്ഭുതപ്പെടാനില്ല.

ഏറ്റവും കടുത്ത ശത്രുക്കളായ രാഷ്ട്രീയ സംവിധാനങ്ങള്‍ ഭരണം നിയന്ത്രിക്കുന്ന ഈ രണ്ട് സംസ്ഥാനങ്ങളിലെയും പൊലീസ് നിലപാടുകളും ഇനി മുതല്‍ ‘കടുപ്പ’മായിരിക്കും.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷമാണ് സംസ്ഥാനത്ത് ഏറ്റവും അധികം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടതെന്നാണ് ബി.ജെ.പിആര്‍.എസ്.എസ് നേതൃത്വങ്ങളുടെ ആരോപണം. രാജ്യത്ത് അവരുടെ ഒന്നാം നമ്പര്‍ ശത്രുവും കേരള സര്‍ക്കാറും സി.പിഎമ്മും മാത്രം ആണ്.

ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ, കേന്ദ്ര മന്ത്രിപ്പട, മുഖ്യമന്ത്രിമാരുടെ സംഘം എന്നിവര്‍ അണിനിരന്ന പ്രതിഷേധ യാത്ര തന്നെ കേരളത്തില്‍ സംഘപരിവാര്‍ സംഘടിപ്പിക്കുകയുണ്ടായി. മമതയുടെ ബംഗാളില്‍ പോലും നടത്താത്ത പ്രതിഷേധ മാര്‍ച്ചാണ് ദേശീയ നേതാക്കളെയും മന്ത്രി പടയെയും രംഗത്തിറക്കി കേരളത്തില്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടന്നത്. മാത്രമല്ല മുഖ്യമന്ത്രി പിണറായിയെ മറ്റു സംസ്ഥാനങ്ങളില്‍ കാലുകുത്തിക്കില്ലന്ന് പ്രഖ്യാപിച്ച് അദ്ദേഹത്തിനെതിരെ പ്രതിഷേധ സമരങ്ങളും ഡല്‍ഹി സി.പി.എം ആസ്ഥാനത്തേക്ക് അക്രമാസക്ത മാര്‍ച്ചും വരെ നടത്തുകയുണ്ടായി.

ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തുന്നത് തടയാന്‍ ശ്രമിച്ച പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ നടപടിയും സംഘപരിവാറിനെ പ്രകോപിപ്പിച്ച നടപടിയാണ്. കേരളത്തിലെ പിണറായി ഭരണത്തിന് ‘മൂക്ക് കയറിടാന്‍’ കടുത്ത സംഘ പരിവാര്‍ നേതാവിനെ തന്നെ അവരോധിക്കാന്‍ അണിയറയില്‍ ശ്രമം നടക്കുകയുമാണ്.

ഈ സാഹചര്യത്തില്‍ അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ ബി.ജെ.പി ഭരണം വരുന്നത് വലിയ ആത്മ വിശ്വാസമാണ് കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ ഉണ്ടാക്കിയിരിക്കുന്നത്. പിണറായി പൊലീസില്‍ നിന്നും അഭയം തേടാന്‍ തൊട്ടടുത്ത് നല്ല ഒരു തുരുത്ത് കിട്ടിയ ആവേശം പ്രധാന പ്രവര്‍ത്തകരുടെ മുഖത്തിപ്പോള്‍ ദൃശ്യമാണ്.

Top