ലോക്‌സഭയിലും രാജ്യസഭയിലും ബിജെപിക്ക് ഭൂരിപക്ഷം ഉറപ്പായാല്‍ ഭരണഘടന മാറ്റിയെഴുതും: അനന്ത് കുമാര്‍ ഹെഗ്‌ഡെ

ബെംഗളൂരു: ഭരണഘടന മാറ്റിയെഴുതുമെന്ന വിവാദ പരാമര്‍ശവുമായി കര്‍ണാടക ബിജെപി എംപി അനന്ത് കുമാര്‍ ഹെഗ്‌ഡെ രംഗത്ത്. ലോക്‌സഭയിലും രാജ്യസഭയിലും ബിജെപിക്ക് ഭൂരിപക്ഷം ഉറപ്പായാല്‍ ഭരണഘടന മാറ്റിയെഴുതുമെന്ന് അനന്ത് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞു.ലോക്‌സഭയില്‍ ബിജെപിക്ക് നിലവില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ട്.

രാജ്യസഭയില്‍ ഭൂരിപക്ഷമുറപ്പിക്കാന്‍ കുറച്ച് സീറ്റുകളുടെ കുറവുണ്ട്.രാജ്യസഭയില്‍ ഭൂരിപക്ഷമുറപ്പിക്കാന്‍ വിവിധ സംസ്ഥാന നിയമസഭകളില്‍ കൂടുതല്‍ അംഗങ്ങള്‍ വേണം.ഹിന്ദുസമൂഹത്തിന് തിരിച്ചടിയാകുന്ന തരത്തിലുള്ള പല മാറ്റങ്ങളും കോണ്‍ഗ്രസ് ഭരണഘടനയില്‍ കൊണ്ടുവന്നു.ഇതെല്ലാം തിരുത്തിയെഴുതാന്‍ ഇരു സഭകളിലും നല്ല ഭൂരിപക്ഷം വേണം.ലോക്‌സഭയില്‍ 400 സീറ്റുകളോടെ മൃഗീയഭൂരിപക്ഷം ഉറപ്പാക്കണമെന്ന് മോദി പറഞ്ഞതിനായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഉത്തരകന്നഡയിലെ നിലവിലെ എംപിയാണ് അനന്ത് കുമാര്‍ ഹെഗ്‌ഡെ.

അതേസമയം ഭരണഘടന മാറ്റിയെഴുതുമെന്ന ബിജെപി എംപിയുടെ പ്രസ്താവന ജനാധിപത്യ തത്വങ്ങളെ അവഹേളിക്കുന്നതെന്ന് സിപിഎം പിബി കുറ്റപ്പെടുത്തി..ഭരണഘടനയെ സംരക്ഷിക്കുന്നതില്‍ ഉറച്ച് നില്‍ക്കും.ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമത്തെ എതിര്‍ക്കുമെന്നും സിപിഎം വ്യക്തമാക്കി.

Top