കര്‍ണാടക ബിജെപിയില്‍ വീണ്ടും തര്‍ക്കം; യെദ്യൂരപ്പയെ മാറ്റണമെന്ന്

Yeddyurappa

ബംഗളൂരു: കര്‍ണാടക ബിജെപിയില്‍ വീണ്ടും തര്‍ക്കം രൂക്ഷം. മന്ത്രിസഭാ വികസനം നടപ്പാക്കാത്ത മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്‌ക്കെതിരായ നീക്കങ്ങള്‍ ശക്തമാക്കി ചില നേതാക്കള്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ചു. നേതൃമാറ്റത്തിനു വേണ്ടിയും മന്ത്രിസ്ഥാനത്തിനായും മുറവിളി കൂട്ടുന്ന നേതാക്കളില്‍ ചിലര്‍ ഡല്‍ഹിയിലെത്തി. പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയെ കണ്ട് ആവശ്യങ്ങള്‍ നേരിട്ട് ഉന്നയിക്കാനാണ് നീക്കം.

അതേസമയം, യെദ്യൂരപ്പയും പാര്‍ട്ടിയില്‍ പിന്തുണ ഉറപ്പാക്കാന്‍ നടപടികള്‍ സജീവമാക്കി. സംസ്ഥാനത്തെ 53 ബോര്‍ഡ് കോര്‍പ്പറേഷന്‍ തലപ്പത്തേക്ക് കഴിഞ്ഞ ദിവസം നിയമനങ്ങള്‍ പൂര്‍ത്തിയാക്കി. മറാത്ത വികസന അതോറിറ്റി രൂപീകരിച്ചു, സംസ്ഥാനത്തെ ബിജെപിയുടെ പ്രധാന വോട്ടുബാങ്കായ വീരശൈവ – ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് സംവരണ പദവി നല്‍കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് പ്രഖ്യാപിച്ചു. ഇരുവിഭാഗങ്ങളുടെയും ഉന്നമനത്തിനായി 500 കോടി രൂപ വകയിരുത്തി ഉത്തരവിട്ടു.

മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പുറത്താകുമെന്ന് യെദ്യൂരപ്പയ്ക്ക് ഉറപ്പായെന്നാണ് പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യ ഈ നടപടികളെപറ്റി പ്രതികരിച്ചത്.

Top