കര്‍ണാടകയില്‍ ബീഫ് ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയേക്കും

ബംഗളൂരു: കര്‍ണാടകയില്‍ ബീഫ് വില്‍ക്കുന്നതിനും കൈവശം വെയ്ക്കുന്നതിനും ബി.ജെ.പി സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയേക്കും. ബീഫിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടെന്നും വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും കര്‍ണാടക ടൂറിസ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സി.ടി രവി പറഞ്ഞു.

സംഭവത്തില്‍ തീരുമാനം എടുത്തില്ലെന്നും ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണെന്നും യെദിയൂരപ്പ വ്യക്തമാക്കി. 2010ല്‍ കന്നുകാലി കശാപ്പ്, കന്നുകാലി സംരക്ഷണ ബില്‍ കര്‍ണാടക നിയമസഭയില്‍ ഒരു നീണ്ട ചര്‍ച്ചയ്ക്ക് ശേഷം പാസാക്കിയിരുന്നു. എന്നാല്‍ അന്നത്തെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നിയമനിര്‍മ്മാണത്തെ ശക്തമായി എതിര്‍ത്തു.

ഇത്തരമൊരു ബില്‍ ക്രൂരവും ഭരണഘടനാവിരുദ്ധവുമാണെന്നും മതേതരത്വത്തിനെതിരാണെന്നും പറഞ്ഞ് ബില്ലിന്റെ പകര്‍പ്പ് നിയമസഭയില്‍ അദ്ദേഹം വലിച്ചുകീറുകയും ചെയ്തിരുന്നു. അതിന് ശേഷം അന്നത്തെ ഗവര്‍ണറായിരുന്ന എച്ച്.ആര്‍ ഭരദ്വാജ് ബില്ലിന് അനുമതി നിഷേധിക്കുകയായിരുന്നു.

ബീഫ് ഉപയോഗത്തിന്റെ പേരില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്‍പ്പെടെ ഇപ്പോഴും പ്രശ്‌നങ്ങള്‍ ആളിക്കത്തുന്ന സമയത്താണ് കര്‍ണ്ണാടക സര്‍ക്കാര്‍ ഇത്തരമൊരു നീക്കവുമായി വന്നിരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ കൈക്കൊള്ളാന്‍ പോകുന്ന നടപടിയ്‌ക്കെതിരെ കനത്ത രീതിയില്‍ പ്രതിഷേധം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Top