ടിപ്പു ജയന്തി റദ്ദാക്കിയ നടപടി: ബിജെപിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ബംഗളൂരു: ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കര്‍ണാടകയില്‍ നടത്തിവന്നിരുന്ന ടിപ്പു ജയന്തി റദ്ദാക്കിയതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയ നേതാവാണ് ടിപ്പുവെന്നും അതിനാലാണ് അദ്ദേഹത്തിന്റെ ജയന്തി സംസ്ഥാനത്ത് ആഘോഷിച്ചിരുന്നതെന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. പിന്നോക്കക്കാരെ അംഗീകരിക്കാത്ത, തീര്‍ത്തും മതേതരമല്ലാത്ത ബിജെപിയുടെ നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ചൊവ്വാഴ്ച തന്നെ ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി. കര്‍ണാടക സാംസ്‌കാരിക വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ 2016 മുതലാണ് സംസ്ഥാനത്ത് ടിപ്പു ജയന്തി ആഘോഷിച്ച് തുടങ്ങിയത്. ടിപ്പു സുല്‍ത്താന് ആദരമര്‍പ്പിച്ച് തുടങ്ങിയ ആഘോഷത്തിനെതിരേ ബിജെപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളെല്ലാം രംഗത്തുവന്നിരുന്നു.

Top