കര്‍ണാടക: സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങി ബിജെപി; നേതാക്കള്‍ ഡല്‍ഹിയിലേക്ക്

yeddyurappa

ബെംഗളൂരു:വിശ്വാസ വോട്ടെടുപ്പില്‍ തട്ടി എച്ച്.ഡി.കുമാരസ്വാമി സര്‍ക്കാര്‍ വീണതിന് പിന്നാലെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ ശക്തമാക്കി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ഡല്‍ഹിക്ക് തിരിക്കും. ഡല്‍ഹിയില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയതിന് ശേഷം നിയമസഭ കക്ഷി യോഗം ചേരാനാണ് ബിജെപിയുടെ തീരുമാനം.

ഡല്‍ഹിയില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയാലുടന്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി തേടും. ഇതോടെ നാലാം തവണയാണ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുക. അതേസമയം, യെദ്യൂപ്പയുടെ സത്യപ്രതിജ്ഞ ഇന്ന് ഉണ്ടാവില്ലെന്നാണ് സൂചന.

കോണ്‍ഗ്രസിനെ ചതിച്ച വിമതരെ അയോഗ്യരാക്കുന്നതില്‍ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന എംഎല്‍എ ശ്രീമന്ത് പാട്ടീലിനെ അയോഗ്യനാക്കണമെന്ന് കോണ്‍ഗ്രസ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.അതേസമയം, സര്‍ക്കാര്‍ വീണെങ്കിലും ഉപതെരഞ്ഞെടുപ്പ് വരെ സഖ്യം തുടരാനാണ് കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും ധാരണ. തത്കാലം സഖ്യം പുനരാലോചിക്കേണ്ട സാഹചര്യമില്ലെന്നും ഇരുവരും വ്യക്തമാക്കി. എന്നാല്‍ രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാം എന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.

ചൊവ്വാഴ്ച രാത്രിയാണ് കര്‍ണടാക നിയമസഭയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടിയത്. പ്രമേയത്തെ അനുകൂലിച്ച് 99 പേരും എതിര്‍ത്ത് 105 പേരും വോട്ട ചെയ്തു. 20 അംഗങ്ങള്‍ സഭാ നടപടികളില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ 17 പേരും ബിഎസ്പി അംഗവും, രണ്ടു സ്വതന്ത്രരുമാണ് വിട്ടുനിന്നത്.

Top