കര്‍ണാടക ബാങ്കിന്റെ വ്യാജബ്രാഞ്ച് തുടങ്ങി തട്ടിപ്പ് നടത്തിയ ആള്‍ അറസ്റ്റില്‍

arrest

വാരണാസി: ഉത്തര്‍പ്രദേശില്‍ കര്‍ണാടക ബാങ്കിന്റെ വ്യാജബ്രാഞ്ച് തുടങ്ങി തട്ടിപ്പ് നടത്തിയ ആള്‍ അറസ്റ്റില്‍. ബാലിയ ജില്ലയിലെ മുലായം നഗറില്‍ തട്ടിപ്പ് നടത്തിയ അഫാഖ് അഹമ്മദ് ആണ് അറസ്റ്റിലായിരിക്കുന്നത്. കര്‍ണാടക ബാങ്കിന്റെ ഡല്‍ഹി ഓഫീസില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജബ്രാഞ്ചിനെക്കുറിച്ച് പൊലീസിന് അറിവ് ലഭിക്കുന്നത്.

പൊലീസ് നടത്തിയ തിരച്ചിലില്‍ മുസാഫര്‍ നഗറിലെ ഓഫീസ് കെട്ടിടത്തില്‍ നിന്ന് 1.37 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. മൂന്നു കമ്പ്യൂട്ടറുകളും ലാപ്‌ടോപുകളും നിരവധി പാസ്ബുക്കുകളും ഇവിടെ നിന്ന് കണ്ടെടുത്തതായി പൊലീസ് അധികൃതര്‍ അറിയിച്ചു. വിനോദ് കുമാര്‍ കമ്പാളിയെന്ന വ്യാജപേരിലായിരുന്നു അഫാഖ് അഹമ്മദ് ഇവിടെ ബാങ്ക് ആരംഭിച്ചത്.

ഒരു മാസം മുമ്പാണ് കര്‍ണാടക ബാങ്കിന്റെ ബ്രാഞ്ച് എന്ന പേരില്‍ ഒരു മുന്‍ ജവാന്റെ വീട്ടില്‍ ഇയാള്‍ ഓഫീസ് തുടങ്ങിയത്. പ്രദേശവാസികളായ 5 പേരെ 5000 രൂപ ശമ്പളത്തില്‍ ജീവനക്കാരായി നിയമിക്കുകയും ചെയ്തു. പൊലീസ് അന്വേഷണത്തില്‍ ജോലിക്കാര്‍ക്ക് തട്ടിപ്പില്‍ പങ്കില്ലെന്ന് വ്യക്തമായി.

Top