കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്; ഇന്ന് അഞ്ച് മണി മുതൽ മെയ് പത്ത് അർധ രാത്രി വരെ ‘ഡ്രൈ ഡേ’

ബെംഗളൂരു: കർണാടകയിൽ ഇന്ന് അഞ്ച് മണി മുതൽ മെയ് പത്ത് അർധരാത്രിവരെ ഡ്രൈഡേ പ്രഖ്യാപിച്ചു. നാളെ നടക്കുന്ന കർണാടക അസംബ്ലി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മദ്യക്കടകളും മദ്യം വിളമ്പുന്ന റെസ്റ്റോറന്റുകളും ഹോട്ടലുകളും അടഞ്ഞുകിടക്കും. അതേസമയം തന്നെ വോട്ടെണ്ണൽ നടക്കുന്ന മെയ് 13നും മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

മദ്യം, വൈൻ, ചാരായം മറ്റേതെങ്കിലും ലഹരിവസ്തുക്കൾ എന്നിവയടക്കമുള്ളവയുടെ വിൽപ്പന, ഉപഭോഗം, സംഭരണം, മൊത്ത -ചില്ലറ വിൽപനയിലടക്കം നിരോധനം ഏർപ്പെടുത്തിയാണ് പൊലീസ് കമ്മീഷണർ പ്രതാപ് റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സിഎൽ 9 ലൈസൻസുള്ള മദ്യം നൽകുന്ന സ്ഥാപനങ്ങൾളും റിഫ്രഷ്മെന്റ് ബാർ മുറികളും അടച്ചിടുമെന്നും ബംഗളൂരുവിലെയും മംഗളൂരുവിലെയും ബാർ, പബ് ഉടമകൾ അറിയിച്ചു. പ്രസ്തുത സ്ഥാപനങ്ങളിൽ നിന്ന ഭക്ഷണം ഡോർ ഡെലിവറി നടത്തില്ലെന്നും ബാർ ഉടമകളുടെ സംഘടന അറിയിച്ചിട്ടുണ്ട്.

സിഎൽ9 ലൈസൻസുകളുള്ള 12,000-ത്തിലധികം സ്ഥാപനങ്ങൾ സംസ്ഥാനത്ത് ഉണ്ടെന്ന് കർണാടക വൈൻ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി ഗോവിന്ദരാജ് ഹെഗ്‌ഡെ പറഞ്ഞു. ബെംഗളൂരുവിലെ ഉത്തരവ് സംസ്ഥാനത്തുടനീളമുള്ള എല്ലാ ജില്ലകൾക്കും ബാധകമാണെന്ന് കമ്മീഷണർ പ്രതാപ് റെഡ്ഡി കൂട്ടിച്ചേർത്തു. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങ തടയുന്നതിനും സ്വതന്ത്രവും നീതിപൂർവകവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് നടക്കാനാണ് നിരോധനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കര്‍ണാടകയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കുകയാണ്. സംസ്ഥാന രാഷ്ട്രീയം ഇളക്കി മറിക്കുകയാണ് ദേശീയ നേതാക്കള്‍. ബംഗളുരുവിൽ റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെ പി പ്രചാരണം നേരിട്ട് നയിച്ചപ്പോൾ കോൺഗ്രസിനായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒന്നിച്ചെത്തി. അവസാനലാപ്പിൽ പ്രചാരണം കൊട്ടിക്കയറുകയാണ് കർണാടകയിൽ. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കേ വമ്പൻ റോഡ് ഷോകൾ നടക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ബെംഗളുരുവിൽ നടന്ന വമ്പൻ റോഡ് ഷോകളിൽ നിരവധിപ്പേരാണ് പങ്കെടുത്തത്.

Top