നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ ! ഇത്തവണയും കർണ്ണാടക ‘കൈ’വിടുമോ?

ഴിഞ്ഞ, അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളിലും, വമ്പൻ തിരിച്ചടി ഏറ്റുവാങ്ങിയ കോൺഗ്രസ്സിനു മുന്നിൽ, വീണ്ടുമൊരു അഗ്നിപരീക്ഷണം… ദക്ഷിണേന്ത്യൻ സംസ്ഥാനമായ കര്‍ണാടകയില്‍, നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള, ബി.ജെ.പി സർക്കാറിന്റെ നീക്കമാണ്, കോൺഗ്രസ്സിനു വൻ വെല്ലുവിളി ഉയർത്തുന്നത്. ദക്ഷിണേന്ത്യയിൽ, കേരളത്തെ പോലെ തന്നെ, കോൺഗ്രസ്സിനു ഭരണമുണ്ടായിരുന്ന സംസ്ഥാനമാണ് കർണ്ണാടക. സംഘടനാപരമായും അവിടെ കോൺഗ്രസ്സിന് ഇപ്പോഴും സ്വാധീനവുമുണ്ട്. ഡി. കെ ശിവകുമാർ എന്ന ജനകീയ നേതാവിൻ്റെ കരുത്തിലാണ്, പാർട്ടി മുന്നോട്ട് പോകുന്നത്. ഒരു തിരിച്ചുവരവിനുള്ള എല്ലാ സാധ്യതയും കോൺഗ്രസ്സ് കാണുമ്പോൾ, ഭരണ തുടർച്ചയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. അടുത്തയിടെ പാർട്ടിക്ക് ദേശീയ തലത്തിൽ ഉണ്ടായ വിജയമാണ്, തിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ, ബി.ജെ.പി നേതൃത്വത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. കർണ്ണാടക ഒരുതവണ കൂടി കൈവിട്ടാൽ, കോൺഗ്രസ്സിന്റെ തകർച്ച ദക്ഷിണേന്ത്യയിലും പൂർണ്ണമാകുമെന്നാണ്, ബി.ജെ.പി വിലയിരുത്തുന്നത്. കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ച സംഭവിച്ചതോടെ, വലിയ പ്രതിസന്ധി അവിടെയും കോൺഗ്രസ്സ് നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ, എങ്ങനെയെങ്കിലും കർണ്ണാടക പിടിക്കണം എന്നത്, കേരളത്തിലെ കോൺഗ്രസ്സും ആഗ്രഹിക്കുന്ന കാര്യമാണ്. അയൽ സംസ്ഥാനമായ കർണ്ണാടകയിൽ കൂടി തകർന്നടിഞ്ഞാൽ, അത് കേരളത്തിലെ കോൺഗ്രസ്സിന്റെ
, അവശേഷിക്കുന്ന ആത്മവിശ്വാസത്തെയാണ് ചോർത്തി കളയുക.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടില്ലങ്കിലും, കർണ്ണാടകയിൽ പ്രചാരണങ്ങള്‍ക്ക് തുടക്കംകുറിച്ച്, ബിജെപിയും കോണ്‍ഗ്രസും, ഇതിനകം തന്നെ രംഗത്തിറങ്ങി കഴിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താൻ, ദേശീയ നേതാക്കൾ തന്നെ, കന്നടമണ്ണിൽ ലാൻഡ് ചെയ്തിട്ടുണ്ട്. ബി.ജെ.പിക്കു വേണ്ടി അമിത് ഷായും, കോൺഗ്രസ്സിനു വേണ്ടി രാഹുല്‍ഗാന്ധിയുമാണ് കളത്തിലിറങ്ങിയിരിക്കുന്നത്. പ്രധാന വോട്ട് ബാങ്കായ ലിംഗായത്തുകളുടെ സിദ്ധഗംഗാ മഠം, ഇരു നേതാക്കളും പ്രത്യേകമായാണ് സന്ദര്‍ശിച്ചിരിക്കുന്നത്. 150 ലേറെ സീറ്റുകൾ നേടി ഭരണതുടര്‍ച്ച നേടുമെന്നാണ്, ബിജെപി അവകാശപ്പെടുന്നത്. അമിത് ഷായുടെ ആത്മവിശ്വാസവും വളരെ കൂടുതലാണ്. അതേസമയം, സംഘടനാ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിച്ച് മുന്നോട്ട് പോകണമെന്നാണ്, സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തോട്, രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിരിക്കുന്നത്. തമ്മിൽതല്ലി സ്വയം ഇല്ലാതാകരുതെന്നാണ്, അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.ഇതിനിടെ,  പ്രബല വോട്ടുബാങ്കായ ലിംഗായത്തുകളുടെ ആശീര്‍വാദത്തോടെ, തെരഞ്ഞെടുപ്പ് കാഹളത്തിന് തുടക്കം കുറിച്ച അമിത് ഷാ, ബി.ജെ.പി നേതാക്കൾക്ക് വലിയ ആത്മവിശ്വാസമാണ് പകർന്നു നൽകിയിരിക്കുന്നത്. സിദ്ധഗംഗ മഠത്തിലെത്തിയ ഷാ, ശിവകുമാര സ്വാമിയുടെ ജയന്തി ചടങ്ങുകളിലും പങ്കെടുത്തിട്ടുണ്ട്. ഇതിനു ശേഷമാണ് ലിംഗായത്ത് സന്യാസിമാര്‍ക്കൊപ്പം തും​​ഗുരുവില്‍, ബി.ജെ.പി പ്രവര്‍ത്തകരെ അദ്ദേഹം അഭിവാദ്യം ചെയ്തിരുന്നത്. യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്രയാണ്, തും​ഗുരുവിലെ പരിപാടികൾ ഏകോപിപ്പിച്ചിരുന്നത്. പരിപാടി വൻ വിജയമാക്കിയതിന്, വിജയേന്ദ്രയെ അമിത് ഷാ പ്രത്യേകം പ്രശംസിച്ചതും ശ്രദ്ധേയമായി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറിയെങ്കിലും, ഇപ്പോഴും യെദിയൂരപ്പ കുടുംബത്തിനു തന്നെയാണ്, ലിംഗായത്തുകൾക്കിടയിൽ വലിയ സ്വാധീനമുള്ളത്.യെദിയൂരപ്പയുടെ മകൻ വിജയേന്ദ്രയുടെ നേതൃപാടവവും കാര്യനിർവ്വഹണവും, മികച്ചതെന്നാണ് അമിത് ഷാ അഭിപ്രായപ്പെട്ടിരിക്കുന്നത്. ബി.ജെ.പിക്ക് തുടർ ഭരണം ലഭിച്ചാൽ, സുപ്രധാന പദവിയിൽ വിജയേന്ദ്ര എത്തുമെന്നാണ്, രാഷ്ട്രീയ നിരീക്ഷകരും ഇപ്പോൾ വിലയിരുത്തുന്നത്.

നാല് സംസ്ഥാനങ്ങളിലെ വൻ വിജയത്തിന്‍റെ പശ്ചാത്തലത്തില്‍, കർണ്ണാടകയിൽ ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നതാണ്, ബിജെപിയുടെ താൽപ്പര്യം. സർക്കാറിന്റെ കാലാവധി അവസാനിക്കുന്നതു വരെ കാത്തിരിക്കേണ്ടതില്ലന്നതാണ്, കേന്ദ്ര നേതൃത്വത്തിന്റെയും നിലപാട്. ഇതോടെയാണ്, സര്‍ക്കാരിനെ നേരത്തെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിലേക്ക് പോകുമെന്ന അഭ്യൂഹവും, ശക്തമായിരിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍, അമിത് ഷായാണ് വിലയിരുത്തിയിരിക്കുന്നത്.
എന്നാൽ, താഴെതട്ടില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ച്, ഇത്തവണ കര്‍ണാടകയില്‍ തിരിച്ചുവരാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസമാണുള്ളത്. ഹിജാബ് – ഹലാല്‍ പ്രതിഷേധങ്ങള്‍ ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കുമെന്ന പ്രതീക്ഷയും കോണ്‍ഗ്രസ്സിനുണ്ട്. ഇതേ വിവാദങ്ങൾ ഭൂരിപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിന് ഇടയാക്കുമെന്നതാണ്, ബി.ജെ.പിയും പ്രതീക്ഷിക്കുന്നത്. ഈ പ്രതീക്ഷ തന്നെയാണ്, തിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ, ബി.ജെ.പി നേതൃത്വത്തെയും പ്രേരിപ്പിച്ചിരിക്കുന്നത്. ബിജെപിയുടെ വോട്ടുബാങ്കായ ലിംഗായത്തിൽ, വിള്ളലുണ്ടാക്കി നേട്ടമുണ്ടാക്കാനും കോൺഗ്രസ്സ് ശ്രമം നടത്തുന്നുണ്ട്. അത്തരമൊരു നീക്കമാണ് രാഹുല്‍ഗാന്ധിയും കർണ്ണാടകയിൽ നടത്തിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികളുമായും, രാഹുല്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.അസംതൃപ്തരായ നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമവും വളരെ സജ്ജീവമാണ്. റിബൽ ശല്യം ഒഴിവാക്കാൻ, ജാഗ്രത പാലിക്കാനും അദ്ദേഹം നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.


ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിനു ഉണ്ടായ തിരിച്ചടി മറികടക്കാന്‍, കര്‍ണ്ണാടകയിലെ ജയം കൊണ്ടു കഴിയുമെന്നാണ് രാഹുല്‍ ഗാന്ധി വിലയിരുത്തുന്നത്.ദേശീയ നേതൃത്വത്തിനു നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തണുപ്പിക്കാനും, പാര്‍ട്ടിയിലെ വിമതരായ ജി- 23 നേതാക്കളുടെ വായടപ്പിക്കാനും,കര്‍ണ്ണാടകയിലെ ‘വിജയം’ ഗാന്ധി കുടുംബത്തിന് അനിവാര്യവുമാണ്. അതിനു സാധിച്ചില്ലങ്കില്‍, വലിയ പ്രതിസന്ധിയിലേക്കാണ് ആ കുടുംബവും പോകുക. കേന്ദ്രത്തില്‍ മൂന്നാം ഊഴം ലക്ഷ്യമിടുന്ന ബി.ജെ.പിയെ സംബന്ധിച്ചും, കര്‍ണ്ണാടക ഭരണം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. ബി.ജെ.പിക്ക് ഭരണമുള്ള, ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനം കൂടിയാണ് കര്‍ണ്ണാടക. ഇവിടെ ഭരണ തുടര്‍ച്ച സൃഷ്ടിച്ച ശേഷം, തെലങ്കാന പിടിക്കുക എന്നതാണ് ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം.ഇതിനായുള്ള കരുനീക്കങ്ങളും അണിയറയില്‍ ശക്തമായാണ് നടക്കുന്നത്.

EXPRESS KERALA VIEW

Top