കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ഡൽഹി: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാവിലെ 11.30 ന് വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വയനാട് ലോക്‌സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ കാര്യത്തിലും കമ്മീഷൻ നിലപാട് വ്യക്തമാക്കിയേക്കും.

കർണാടകയിൽ മെയ് ആദ്യവാരം തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. മാർച്ച് ഒമ്പതിന് കർണാടക സന്ദർശിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. കർണാടക നിയമസഭയിൽ 224 സീറ്റുകളാണുള്ളത്.

അധികാരം നിലനിർത്താനുള്ള തീവ്ര ശ്രമത്തിലാണ് ഭരണകക്ഷിയായ ബിജെപി. കോൺഗ്രസ്, ജനതാദൾ എന്നിവയാണ് ബിജെപിക്കെതിരായ പ്രധാന എതിരാളികൾ. നിലവിൽ ഭരണകക്ഷിയായ ബിജെപിക്ക് 119 എംഎൽഎമാരുണ്ട്. കോൺഗ്രസിന് 75 ഉം, ജെഡിഎസിന് 28 എംഎൽഎമാരുമാണുള്ളത്.

രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിനെത്തുടർന്നാണ് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞത്. ഒഴിഞ്ഞു കിടക്കുന്ന മണ്ഡലമായി കഴിഞ്ഞദിവസം ലോക്സഭ സെക്രട്ടേറിയറ്റ് വയനാട്ടിനെ ഉൾപ്പെടുത്തിയിരുന്നു. അപകീർത്തി കേസിൽ കോടതി ശിക്ഷിച്ചതിന് പിന്നാലെയാണ് രാഹുൽഗാന്ധിയെ അയോഗ്യനാക്കി ലോക്സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

Top