കര്‍ണാടക ഉപതിരഞ്ഞെടുപ്പ് ; ആദ്യ ലീഡ് ബിജെപിക്ക് , 12 ഇടത്ത് മുന്നില്‍

ബെംഗളൂരു : കര്‍ണാടകത്തില്‍ നാല് മാസം പൂര്‍ത്തിയായ ബി.ജെ.പി. സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.

ആദ്യ ഫല സൂചനകള്‍ ബിജെപിക്ക് അനുകൂലമാണ്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുമ്പോള്‍ 12 ഇടങ്ങളില്‍ ബിജെപി മുന്നിലാണ്. ഹുന്‍സൂര്‍, കഗ്‌വാദ്, വിജയനഗര കൃഷ്ണരാജപുര, മഹാലക്ഷ്മി ലേഔട്ട്, ഗോകഗ്, ഹിരകേരൂര്‍, അതാനി, യെല്ലാപൂര്‍ എന്നിവിടങ്ങളില്‍ ബിജെപി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസും ജെ.ഡി.എസും ഓരോ മണ്ഡലത്തിലും ലീഡ് ചെയ്യുകയാണ്.

പത്ത് മണിയോടെ ഫലം വ്യക്തമാകും. ബിജെപിക്ക് പന്ത്രണ്ട് സീറ്റുവരെയാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്. ഇതിന്‍റെ ആത്മവിശ്വാസത്തിൽ മന്ത്രിസഭാ വികസന ചർച്ചകളിലേക്ക് പാർട്ടി കടന്നിട്ടുണ്ട്.

ചുരുങ്ങിയത് ആറു സീറ്റുകളെങ്കിലും നേടിയാലെ ബിജെപി സർക്കാറിന് മുന്നോട്ടു പോകാൻ സാധിയ്ക്കു. ബി.ജെ.പി 13 സീറ്റുകളിൽ വിജയിക്കുമെന്നാണ് മുഖ്യമന്ത്രി യദ്യൂരിയപ്പയുടെ അവകാശവാദം.

വിമതരെ ജനം തളളുമെന്നും പത്ത് സീറ്റ് വരെ നേടുമെന്നുമാണ് കോൺഗ്രസ് അവകാശവാദം. ഉപതെരഞ്ഞെടുപ്പ് നടന്നതിൽ പന്ത്രണ്ട് കോൺഗ്രസിന്‍റെയും മൂന്നെണ്ണം ജെഡിഎസിന്‍റെയും സിറ്റിങ് സീറ്റുകളാണ്.

അത്താനി, ചിക്ബല്ലാപൂര്‍, ഗോകക്, ഹിരെകേരൂര്‍, ഹോസകോട്ടെ, ഹുനസുരു, കാഗ്വാഡ്, കെ ആര്‍ പുര, കൃഷ്ണരാഹപേട്ടെ, മഹാലക്ഷ്മി ലേ ഔട്ട്, റാണിബെന്നൂര്‍, ശിവാജിനഗര്‍, വിജയനഗര, യെല്ലാപൂര്‍, യശ്വന്ത്പൂര്‍ ഇവയാണ് ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങള്‍

നിലവില്‍ 207 അംഗങ്ങളുള്ള കര്‍ണാടക നിയമസഭയില്‍ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണ മാത്രമാണ് യെദ്യൂരപ്പയ്ക്കുള്ളത്. 224 അംഗങ്ങളാണ് കര്‍ണാടക നിയമസഭയിലുണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസ്സില്‍ നിന്നും 17 എംഎല്‍എമാര്‍ രാജിവച്ച് മറുകണ്ടം ചാടി ബിജെപിയിലെത്തിയതോടെയാണ് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ തകര്‍ന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം നേതൃത്വം നല്‍കിയ ‘ഓപ്പറേഷന്‍ താമര’യാണിതെന്നും, എംഎല്‍എമാരുടെ കുതിരക്കച്ചവടമാണ് നടന്നതെന്നും, കോണ്‍ഗ്രസും ജെഡിഎസ്സും ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെ, സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ ഈ എംഎല്‍എമാരെ അയോഗ്യരാക്കിയിരുന്നു. 17 എംഎല്‍എമാരെയാണ് അയോഗ്യരാക്കിയതെങ്കിലും 15 മണ്ഡലങ്ങളിലേക്ക് മാത്രമേ ഉപതെരഞ്ഞെടുപ്പ് നടന്നുള്ളൂ. മസ്‌കി, ആര്‍ആര്‍ നഗര്‍ എന്നീ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരായ ഹര്‍ജി കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്നതിനാലാണ് ഇവിടത്തെ തെരഞ്ഞെടുപ്പുകള്‍ നീട്ടി വച്ചത്.

Top