കര്‍ണാടകയിലെ പുത്തൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്; ഡ്രൈവര്‍ക്ക് പരിക്കേറ്റു

ബംഗളൂരു: കര്‍ണാടകയിലെ പുത്തൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ബസിന്റെ ചില്ലുകള്‍ തകര്‍ന്നു.

പുത്തൂരിലെ വിട്‌ലയിലാണ് സംഭവം. പശുക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവിടെ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് കെഎസ്ആര്‍ടിസി ബസിന് നേരെയുള്ള ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

വിട്‌ലയില്‍ നിന്ന് കേരളത്തിലേക്ക് പശുക്കളെ കൊണ്ടുവന്ന വാഹനം കര്‍ണാടകയില്‍ നിന്നെത്തിയ ഒരു സംഘം തടയുകയും, വാഹനത്തിലുണ്ടായിരുന്നവരെ മര്‍ദ്ദിച്ച ശേഷം വാഹനം തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന അരലക്ഷം രൂപയും അക്രമിസംഘം തട്ടിയെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പുത്തൂരില്‍ നിന്ന് കാസര്‍കോട്ടേക്കും കാസര്‍കോട് നിന്ന് പുത്തൂരിലേക്കും സര്‍വ്വീസ് നടത്തുന്ന രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. അക്രമത്തില്‍ പരിക്കേറ്റ കണ്ണൂര്‍ സ്വദേശിയായ ബസ് ഡ്രൈവറെ പുത്തൂരിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരളത്തില്‍ നിന്നും പുത്തൂരില്‍ നിന്നുമുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.പുത്തൂര്‍ – കാസര്‍കോട് ബസ് സര്‍വ്വീസ് താല്ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.

Top