കര്‍ണാടകയില്‍ ബിജെപി നടത്തുന്ന നീക്കം ജനാധിപത്യ വിരുദ്ധം; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം; കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കം ജനാധിപത്യ വിരുദ്ധമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനങ്ങള്‍ തെരഞ്ഞെടുത്ത ജനാധിപത്യ മതേതര സര്‍ക്കാരിനെ കോടികള്‍ വലിച്ചെറിഞ്ഞും അധികാരം ദുരുപയോഗിച്ചും അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നാണ് കെ.പി.സി.സി പ്രസിഡന്റ് വിമര്‍ശിച്ചിരിക്കുന്നത്.

ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരിട്ടാണ് ഈ നീക്കം നടത്തുന്നതെന്നും, ഇത് ആറാം തവണയാണ് കര്‍ണ്ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ മതേതര സര്‍ക്കാരിനെ എന്തുവിലക്കൊടുത്തും താഴെയിറക്കി ബി.ജെ.പിയുടെ വര്‍ഗീയ സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും ഫെഡറല്‍ സംവിധാനത്തില്‍ ദുരുപയോഗം ചെയ്യുന്നു. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആറു സംസ്ഥാന ഭരണകൂടങ്ങളെയാണ് അധികാര ദുര്‍വിനയോഗത്തിലൂടെയും കുതിരക്കച്ചവടത്തിലൂടെയും പുറത്താക്കിയത്. ഗവര്‍ണ്ണര്‍മാരുടെ പദവി പോലും ദുരുപയോഗം ചെയ്യുന്ന കാഴ്ചയാണ് രാജ്യം കണ്ടതെന്നും കെപിസിസി അദ്ധ്യക്ഷന്‍ പറഞ്ഞു.

കര്‍ണ്ണാടക മന്ത്രി ഡി.കെ.ശിവകുമാറിനെ അറസ്റ്റ് ചെയ്ത സംഭവം ഉത്തരവാദിത്തപ്പെട്ട ഒരു സംസ്ഥാന മന്ത്രിക്ക് പോലും സ്വതന്ത്രവും നിര്‍ഭയവുമായി പ്രവര്‍ത്തിക്കാനുള്ള മൗലിക അവകാശം ഹനിക്കുന്ന നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top