ഡി കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച; രാജി പിന്‍വലിക്കാമെന്ന് എംഎല്‍എ

ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറും ഉപമുഖ്യമന്ത്രി ജി പരമേശ്വരയും നടത്തിയ ചര്‍ച്ചയില്‍ രാജി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് വിമത കോണ്‍ഗ്രസ് എംഎല്‍എ ടി ബി നാഗരാജ്. മറ്റ് വിമത എംഎല്‍എമാരെ അനുനയിപ്പിക്കാം എന്ന് നാഗരാജ് ഉറപ്പ് നല്‍കിയതായും സൂചനയുണ്ട്.

സ്വതന്ത്രരും രാമലിംഗ റെഡ്ഡിയും ഉള്‍പ്പെടെ ആറ് പേരെങ്കിലും മടങ്ങി വന്നാല്‍ പിടിച്ചുനില്‍ക്കാന്‍ വഴിയുണ്ടെന്ന കണക്കുകൂട്ടലിലാണ് സഖ്യം. കുതിരച്ചവടം അവസാനിപ്പിക്കാനെന്ന നിലപാട് ആവര്‍ത്തിക്കുമ്പോഴും ബിജെപി പക്ഷത്ത് നിന്നും എംഎല്‍എമാരെ ഒപ്പമെത്തിക്കാനും ശ്രമങ്ങളുണ്ടാവും. ജെഡിഎസ് എംഎല്‍എമാരെ ദേവനഹളളിയിലെ റിസോര്‍ട്ടിലേക്ക് തിരികെ കൊണ്ടുപോയി. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ താമസിക്കുന്നത്. ബിജെപിയും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി.

വിശ്വാസവോട്ടെടുപ്പിന് അനുമതി തേടിയതോടെ വിമതരെ അനുനയിപ്പിച്ച് തിരികെക്കൊണ്ടുവരാനാണ് കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും ശ്രമം. മുംബൈയിലുള്ള പത്ത് വിമതരെപ്പറ്റി കോണ്‍ഗ്രസിന് പ്രതീക്ഷയില്ല. എന്നാല്‍ ബംഗളൂരുവിലുള്ള വിമത എംഎല്‍എമാരിലാണ് പ്രതീക്ഷ. അവരെ തിരികെ കൊണ്ടുവരാനാണ് ഇരുപാര്‍ട്ടിളും ലക്ഷമിടുന്നതും. ഇവരെ എംഎല്‍എമാരെ മുഖ്യമന്ത്രി കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി പരമേശ്വര, ഡി കെ ശിവകുമാര്‍ തുടങ്ങിയവര്‍ നേരില്‍ക്കണ്ട് സംസാരിച്ചെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, വിമത എംഎല്‍എമാരെ ഭീഷണിപ്പെടുത്തി തിരികെക്കൊണ്ടുവരാനാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ശ്രമമെന്നാണ് ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ ആരോപിക്കുന്നത്.

Top