രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുന്നു; കര്‍ണാടകയില്‍ രണ്ട് കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ കൂടി രാജി വച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുമ്പോള്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജി വച്ചു. സുധാകര്‍, എം.ടി.ബി. നാഗരാജ് എന്നിവരാണ് സ്പീക്കറെ നേരിട്ടുകണ്ട് രാജി സമര്‍പ്പിച്ചത്. ഇതോടെ രാജി വച്ച എംഎല്‍എമാരുടെ എണ്ണം 16 ആയി.

ഇതുവരെ 13 കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ്. എം.എല്‍.എമാരുമാണ് രാജിവച്ചത്. എന്നാല്‍ ആരുടെയും രാജി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ വ്യക്തമാക്കി. ഒരു രാത്രികൊണ്ട് ഇതില്‍ തീരുമാനമെടുക്കാനാവില്ലെന്നും അവര്‍ക്ക് 17-ാം തീയതി വരെ സമയം നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

അതേസമയം, ഭൂരിപക്ഷം നഷ്ടമായ സര്‍ക്കാരിനെ പിരിച്ച വിടണമെന്ന് ആവശ്യപ്പെട്ട് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സംഘം സ്പീക്കര്‍ക്ക് കത്ത് നല്‍കി. അതിനിടെ, മന്ത്രി ഡി.കെ. ശിവകുമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ മുംബൈയില്‍ പോലീസ് കസ്റ്റഡിയിലെടുത്തതും വിവാദത്തിലായി.

Top