കരിപ്പൂര്‍ വിമാനദുരന്തം; ലഗേജുകള്‍ വീണ്ടെടുക്കാന്‍ അന്താരാഷ്ട്ര ഏജന്‍സിയെ ഏല്‍പ്പിച്ചതായി എയര്‍ഇന്ത്യ

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ട യാത്രക്കാരുടെ ലഗേജുകള്‍ വീണ്ടെടുക്കാന്‍ അന്താരാഷ്ട്ര ഏജന്‍സിയെ ഏല്‍പ്പിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. ലഗേജുകള്‍ വീണ്ടെടുത്ത് കസ്റ്റംസിന്റെയോ പൊലീസിന്റെയോ സഹായത്തോടെ ഏജന്‍സി പട്ടിക തയ്യാറാക്കി യാത്രക്കാരേയും അല്ലങ്കില്‍ അവരുടെ ബന്ധുക്കളെയോ ബന്ധപ്പെട്ട് എയര്‍ ഇന്ത്യ ലഗേജുകള്‍ കൈമാറും.

ലഗേജ് സംബന്ധിച്ച് യാത്രക്കാര്‍ക്ക് ആശങ്ക വേണ്ടെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. അപകടത്തില്‍പ്പെട്ട വിമാനത്തിലെ ലഗേജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പൊതു ജനങ്ങള്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോ-ഓര്‍ഡിനേറ്ററുടെ 9567273484 ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് മലപ്പുറം എസ്.പിയും അറിയിച്ചു.

അപകടത്തില്‍പ്പെട്ട വിമാനം ഡിജിസിഎ, എയര്‍പോര്‍ട്ട് അതോറിറ്റി, എയര്‍ ഇന്ത്യ സംഘങ്ങള്‍ സംയുക്തമായി പരിശോധന നടത്തി. എയര്‍ ഇന്ത്യയുടെ സംഘം നേരത്തെ ഇവിടെ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ബോയിംഗ് അന്വേഷണ സംഘം അടുത്തയാഴ്ച കരിപ്പൂരിലെത്തുമെന്ന് ഡിജിസിഎ അരുണ്‍ കുമാര്‍ വ്യക്തമാക്കി.

Top