കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ്: രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കൂടി പിടിയില്‍. കേസിലെ മുഖ്യപ്രതിയായ സജിമോന്റെ ഡ്രൈവറും സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ക്ക് വിമാനത്താവളം കേന്ദ്രീകരിച്ച് ഒത്താശ ചെയ്ത് കൊടുക്കുന്ന സംഘത്തിലെ കണ്ണിയുമായ അസ്‌കര്‍ ബാബു, അമീര്‍ എന്നിവരാണ് അറസ്റ്റിലായത്. കൊണ്ടോട്ടി ഡിവൈഎസ്പി കെ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരെയും പിടികൂടിയത്.

കരിപ്പൂര്‍ കേന്ദ്രീകരിച്ച് ടാക്‌സി ഡ്രൈവറായി അസ്‌കര്‍ ജോലി നോക്കുന്നുണ്ട്. വിമാനത്താവളത്തില്‍ നിന്ന് കാരിയര്‍മാരെ പുറത്തെത്തിടച്ച് റിസീവര്‍ക്ക് കൈമാറുകയും പലപ്പോഴും സ്വര്‍ണം സുരക്ഷിത സ്ഥലത്ത് എത്തിച്ച് കൊടുക്കുന്നതും ഇയാളാണെന്നാണ് വിവരം. കൊടുവള്ളി – താമരശ്ശേരി ഭാഗത്തുള്ള സ്വര്‍ണ്ണക്കടത്തുകാരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.

കേസില്‍ ഇതുവരെ 23 പേര്‍ അറസ്റ്റിലായി. സംഭവത്തില്‍ ഉള്‍പ്പെട്ട ടിപ്പര്‍ ലോറിയടക്കം 12 ഓളം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Top