കേന്ദ്ര വ്യോമയാനമന്ത്രിയും ഗവര്‍ണറും മുഖ്യമന്ത്രിയും കോഴിക്കോട്ടെത്തി

തിരുവനന്തപുരം: ലാന്റിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനാപകടം ഉണ്ടായ കരിപ്പൂരിലേക്ക് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയ ഉന്നതര്‍ എത്തി.

മുഖ്യമന്ത്രിക്കൊപ്പം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, ടി.പി. രാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്.

എയര്‍ ഇന്ത്യ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചു. പ്രിന്‍സിപ്പലുമായും ഡോക്ടര്‍മാരുടെ സംഘമായും കൂടിക്കാഴ്ച നടത്തി.

അപകട കാരണം കണ്ടെത്താനുള്ള അന്വേഷണം ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു. ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍ സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇത് വിശദമായ പരിശോധന നടത്തണം.

അതേസമയം കരിപ്പൂര്‍ വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. വിമാനങ്ങള്‍ സാധാരണ നിലയില്‍ സര്‍വീസ് പുനരാരംഭിച്ചതായും എയര്‍പോര്‍ട്ട് ഡയറക്റ്റര്‍ അറിയിച്ചു.

വെള്ളിയാഴ്ച രാത്രി വിമാനാപകടം ഉണ്ടായതോടെയാണ് താത്കാലികമായി സര്‍വീസ് നിര്‍ത്തിവച്ചത്. 16 മണിക്കൂറിനുശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്.

Top