karipoor airport

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കിയാലും ഇനി വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് വ്യക്തമാക്കി എയര്‍പ്പോര്‍ട്ട് അതോറിറ്റിയുടെ കത്ത്. മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലിനു നല്‍കിയ കത്തിലാണ് റണ്‍വെ നീളം കൂട്ടാതെ വലിയ വിമാനം ഇറക്കാന്‍ അനുമതി നല്‍കില്ലെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നത്.

നിലവില്‍ 9377 അടി നീളമുള്ള വിമാനത്താവളത്തിലെ റണ്‍വെ 13000 അടിയായെങ്കിലും വര്‍ധിപ്പിച്ചാലെ ഇനി വലിയ വിമാനങ്ങള്‍ അനുവദിക്കൂ എന്നാണ് വ്യോമായന മന്ത്രാലയത്തിന്റെ നിലപാട്. ഇത് വ്യക്തമാക്കി ഒരു വര്‍ഷം മുമ്പ് ചീഫ് സെക്രട്ടറിക്ക് മന്ത്രാലയം കത്തയച്ചിരുന്നു. എന്നാല്‍ ഇതിനോട് സര്‍ക്കാര്‍ പ്രതികരിച്ചിരുന്നില്ല. റണ്‍വെ വികസനത്തിനായി ബജറ്റില്‍ തുക വകയിരുത്തുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും അതുണ്ടായില്ല.

ഇതോടെ റണ്‍വെ വികസനം അനിശ്ചിതത്വത്തിലാവുകയും ചെയ്തു. ടേബിള്‍ ടോപ്പ് മാതൃകയിലുള്ള കരിപ്പൂര്‍ റണ്‍വെയില്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് ഇപ്പോള്‍ വ്യോമായന മന്ത്രാലയം വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നത്.

നിലവിലെ റണ്‍വെയില്‍ മുമ്പ് നടത്തിയിരുന്ന ഹജ്ജ് സര്‍വ്വീസുള്‍പ്പെടെ കരിപ്പൂരിനു നഷ്ടമാവാതെയിരിക്കണമെങ്കില്‍ കേരളത്തിന്റെ ഭാഗത്തു നിന്ന് രാഷ്ടീയ സമ്മര്‍ദ്ദം ഉണ്ടാവണമെന്ന് മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് സിഇ ചാക്കുണ്ണി പറയുന്നു. കരിപ്പൂര്‍ വിമാനത്താവള പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയെ കാണാനുള്ള തയ്യാറെടുപ്പിലാണ് മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍.

Top