കാർഗിൽ യാത്ര ഉപേക്ഷിച്ചു ; ശ്രീനഗറില്‍ സൈനികര്‍ക്ക് ആദരം അര്‍പ്പിച്ച് രാഷ്ട്രപതി മടങ്ങും

ramnath kovind

ന്യൂഡല്‍ഹി : കാര്‍ഗില്‍ വിജയ ദിവസത്തിന്റെ ഭാഗമായി ദ്രാസില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എത്തില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് ശ്രീനഗറില്‍ നിന്നും ദ്രാസിലേക്ക് ഹെലികോപ്റ്റര്‍ വഴി എത്താന്‍ സാധിക്കാത്തതാണ് കാരണം. രാഷ്ട്രപതി ശ്രീനഗറിൽ സൈനീകർക്ക് ആദരവ് അർപ്പിച്ചശേഷം തിരികെ പോകും. ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും ദ്രാസിലേക്ക് എത്തില്ല. അതേസമയം ദ്രാസില്‍ എത്തിയ സൈനിക മേധാവികള്‍ സൈനികര്‍ക്ക് ആദരം അര്‍പ്പിക്കും.

അതേസമയം കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരെ പ്രധാനമന്ത്രിയും രാഷട്രപതിയും അനുസ്മരിച്ചു. കാര്‍ഗില്‍ വിജയ ദിവസം സൈനികരുടെ ധൈര്യവും അര്‍പ്പണ ബോധവും ഓര്‍മിപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ രക്തസാക്ഷികളോട് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രതികരണം.

പാക്കിസ്ഥാനെ വിറപ്പിച്ച് കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് ഇന്നേക്ക് ഇരുപതാണ്ട്. 1999 ജൂലൈ 26 നാണ് നുഴഞ്ഞു കയറിയ പാക്കിസ്ഥാന്‍ സൈന്യത്തെ നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേയ്ക്ക് ഇന്ത്യ തുരത്തിയത്.

ഇന്ത്യയ്ക്കെതിരെ തക്കം പാര്‍ത്തിരുന്ന പാക്കിസ്ഥാന്റെ ഒളിപ്പോരായി കാര്‍ഗില്‍ യുദ്ധത്തെ വിശേഷിപ്പിക്കാം. കനത്ത മഞ്ഞുവീഴ്ചയുള്ള സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലത്ത് അതിര്‍ത്തിയിലെ നിയന്ത്രണരേഖയ്ക്ക് ഇരുവശത്തുനിന്നും ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സൈന്യം പിന്‍വാങ്ങാറുണ്ട്. ഇന്ത്യന്‍ സേന പിന്‍വാങ്ങിയ തക്കം നോക്കി 1998 ഒക്ടോബറില്‍ കാര്‍ഗില്‍ മലനിരകളിലേക്ക് പാക്കിസ്ഥാന്‍ സൈന്യം നുഴഞ്ഞുകയറി. കൂറ്റന്‍ ബങ്കറുകള്‍ പണിത് ആയുധങ്ങളും ഭക്ഷണവും നിറച്ചു. നുഴഞ്ഞുകയറ്റം ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെട്ടത് ഏഴുമാസത്തിന് ശേഷം 1999 മേയ് മാസത്തില്‍ മാത്രം.

താഴ്വരയിലെ തീവ്രവാദികള്‍ നടത്തിയ നുഴഞ്ഞുകയറ്റെമെന്ന് കരുതിയ ഇന്ത്യന്‍ സൈന്യം, ഇവരെ വേഗത്തില്‍ തുരുത്താമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ നിയന്ത്രണരേഖയിലെ താഴ്വരകളില്‍ പാക്കിസ്ഥാന്‍ സൈന്യം ഇത്തരത്തിലുള്ള നീക്കം നടത്തുന്നുണ്ടെന്ന് താമസിയാതെ ബോധ്യപ്പെട്ടു. തന്ത്രപ്രധാന മേഖലകളായ ദേശീയപാത ഒന്ന് മേഖലയിലെ ഏറ്റവും ഉയരമേറിയ ടൈഗര്‍ ഹില്‍സും പിടിച്ചെടുത്തായിരുന്നു പാക്കിസ്ഥാന്റെ രഹസ്യനീക്കം. നിയന്ത്രണ രേഖക്ക് 200 ഓളം ചതുരശ്ര കിലോ മീറ്റര്‍ സ്ഥലത്താണ് പാക് സൈന്യം അധിനിവേശം നടത്തിയത്.

1999 മെയ് മൂന്നിന് ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ മലനിരകള്‍ തിരികെ പിടിക്കാന്‍ യുദ്ധം ആരംഭിച്ചു. രണ്ടു മാസവും മൂന്ന് ആഴ്ചയും രണ്ടു ദിവസവും നടത്തിയ കടുത്ത പോരാട്ടത്തിനോടുവിലാണ് ഇന്ത്യ കാര്‍ഗിലില്‍ വിജയക്കൊടി പാറിച്ചത്.

Top