Karayi Rajan will be the District Panchayat president; Chandrasekaran will be the Municipal chairman

കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ പ്രതികളായതിനെ തുടര്‍ന്ന് ജില്ലയിലേക്ക് പ്രവേശിക്കാന്‍ അനുമതി നിഷേധിക്കപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം കാരായി രാജനും തലശ്ശേരി ഏരിയ കമ്മറ്റി അംഗം കാരായി ചന്ദ്രശേഖരനും ജനാധിപത്യ ഭരണ നിര്‍വ്വഹണത്തിന്റെ തലപ്പത്തേക്ക്.

തദ്ദേശ സ്ഥാപനങ്ങളുടെ അമരക്കാരെ നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പില്‍ കാരായി രാജനെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും ചന്ദ്രശേഖരനെ തലശ്ശേരി മുനിസിപ്പല്‍ ചെയര്‍മാനായും തിരഞ്ഞെടുക്കാന്‍ സിപിഎം അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും തലശ്ശേരി ഏരിയാ കമ്മിറ്റിയുമാണ് സുപ്രധാനമായ ഈ തീരുമാനമെടുത്ത് കീഴ്ഘടകങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തത്.

24 അംഗ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ 15 അംഗങ്ങളാണ് ഇടതുമുന്നണിക്കുള്ളത്. യുഡിഎഫിന് ആകെ ഒന്‍പത് പേരുടെ പിന്തുണ മാത്രമേയുള്ളൂ.

52 അംഗ തലശ്ശേരി മുനിസിപ്പാലിറ്റിയില്‍ 35 അംഗങ്ങളാണ് ഇടതുമുന്നണിക്കുള്ളത്. ഇതില്‍ 31 ഉം സിപിഎം കൗണ്‍സിലര്‍മാരാണ്. യുഡിഎഫില്‍ ലീഗിന് ആറും കോണ്‍ഗ്രസ്സിന് മൂന്നും അംഗങ്ങളാണ് ഉള്ളത്. യുഡിഎഫ് മുന്നണിയുടെ പിന്‍തുണയോടെ മത്സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിക്ക് രണ്ട് അംഗങ്ങള്‍ ഉണ്ട്. ബിജെപി ആറ് അംഗങ്ങളെ വിജയിപ്പിച്ചിട്ടുണ്ട്.

index

ജില്ലാ പഞ്ചായത്തിലും തലശ്ശേരി നഗരസഭയിലും മൃഗീയ ഭൂരിപക്ഷം സിപിഎം മുന്നണിക്കുള്ളതിനാല്‍ ഇരുവരുടെയും സ്ഥാനാരോഹണം ഇനി സാങ്കേതികം മാത്രമാണ്.

ഫസല്‍ വധക്കേസില്‍ ഒരു വര്‍ഷത്തോളം റിമാന്റില്‍ കഴിഞ്ഞിരുന്ന കാരായി രാജനും ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന കര്‍ക്കശ ഉപാധിയോടെയാണ് കോടതി ജാമ്യം നല്‍കിയിരുന്നത്.

ഇതേ തുടര്‍ന്ന് ഇരുവരും എറണാകുളത്താണ് ഇപ്പോഴും കഴിയുന്നത്. പാര്‍ട്ടി പ്രവര്‍ത്തനത്തിനായി ഇരുവര്‍ക്കും സിപിഎം എറണാകുളം ജില്ലയിലേക്ക് പ്രവര്‍ത്തനം വിഭജിച്ച് നല്‍കിയിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി ഇരുവര്‍ക്കും കോടതിയാണ് അനുമതി നല്‍കിയത്. പ്രചരണത്തിന് പോലും എത്താതിരുന്ന കാരായിമാരുടെ ഫോട്ടോ പതിച്ച പോസ്റ്റര്‍ ഉപയോഗിച്ചാണ് സിപിഎം വോട്ട് പിടിച്ചിരുന്നത്. എന്നിട്ടും വിജയത്തിന്റെ തിളക്കം ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ പോലും കുറഞ്ഞിരുന്നില്ല.

ഇനി ഭരണ നിര്‍വ്വഹണ സ്ഥാപനങ്ങളുടെ തലപ്പത്ത് വരുന്നതോടെ കണ്ണൂര്‍ ജില്ലയിലേക്കുള്ള വിലക്ക് കോടതി തന്നെ നീക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. നിയമ വിദഗ്ധരും ഇതുതന്നെയാണ് ചൂണ്ടിക്കാട്ടുന്നത്.

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഫസല്‍ വധമെന്നും പാര്‍ട്ടിക്കും പാര്‍ട്ടി നേതാക്കള്‍ക്കും ഇതില്‍ യാതൊരു പങ്കുമില്ലെന്നുമാണ് സിപിഎമ്മിന്റെ നിലപാട്.

കൊലപാതക കേസിലെ പ്രതികളെ മത്സരിപ്പിക്കുന്നതിനെതിരെ എതിരാളികള്‍ ശക്തമായ പ്രചാരണം അഴിച്ചുവിട്ടിരുന്നെങ്കിലും നല്ല ഭൂരിപക്ഷത്തോടെ തന്നെ വിജയിച്ചുവരാന്‍ കാരായി രാജനും ചന്ദ്രശേഖരനും കഴിഞ്ഞിരുന്നു.

Top