Karayi Rajan and Chandrasekharan are approaching to the CBI court for remove the banned

കണ്ണൂര്‍: കാരായി രാജനെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കാരായി ചന്ദ്രശേഖരനെ തലശ്ശേരി മുനിസിപ്പല്‍ ചെയര്‍മാനുമാക്കിയ സിപിഎം തീരുമാനം തന്ത്രപരം.

ഫസല്‍ വധക്കേസില്‍ ഒരു വര്‍ഷത്തോളം ജയിലില്‍ കിടന്നതിന് ശേഷം കര്‍ക്കശ ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ രാജനും ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഈ വിലക്ക് മറികടക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലപ്പത്ത് വന്നതുവഴി ഇരുവര്‍ക്കും കഴിയുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.

തങ്ങള്‍ക്ക് ജനങ്ങളോടുള്ള കടമ നിറവേറ്റാനും ഉത്തരവാദിത്വപ്പെട്ട ഭരണസ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുമായി കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാരായി രാജനും ചന്ദ്രശേഖരനും ഉടനെ തന്നെ സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കും. കോടതി ഈ വാദം അംഗീകരിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.

ഫസല്‍ വധക്കേസില്‍ ഇരു നേതാക്കള്‍ക്കും പങ്കില്ലെന്ന് തുടക്കം മുതല്‍ ഉറച്ച നിലപാടെടുത്ത സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റിയാണ് വിമര്‍ശനങ്ങള്‍ ശക്തമായി ഉയര്‍ന്നിട്ടും ഇരുവര്‍ക്കും ഉന്നതപദവിയിലെത്താന്‍ സാഹചര്യമൊരുക്കിയത്.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് കാരായി രാജന്‍. ചന്ദ്രശേഖരന്‍ തലശ്ശേരി ഏരിയാ സെന്റര്‍ അംഗവും.

ഇവരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചതിനെ തുടര്‍ന്ന് വി.എസിന്റെ പ്രതികരണം രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മറുപടി പറയാമെന്നായിരുന്നു വി.എസിന്റെ പ്രതികരണം.

തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാന്‍ ആരോപണ വിധേയരായ നേതാക്കള്‍ക്ക് സാധിച്ചതിനാല്‍ വലിയ തലവേദനയാണ് സിപിഎമ്മിന് ഒഴിഞ്ഞത്. ആത്യന്തികമായി ജനവിധി തന്നെയാണ് മുഖവിലയ്‌ക്കെടുക്കേണ്ടതെന്ന് നിലപാടിലാണ് വി.എസ് എന്നാണ് അറിയുന്നത്.

ഇതിനിടെ കൊല്ലപ്പെട്ട ഫസലിന്റെ സഹോദരന്‍ അബ്ദുറഹിമാന്‍ കാരായി ചന്ദ്രശേഖരനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നതായ വാര്‍ത്ത പുറത്തുവന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഫസലിന്റെ ഭാര്യ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കാരായി രാജന്റെയും ചന്ദ്രശേഖരന്റെയും നിലപാടിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് വിധിക്കുശേഷം ഇത്തരമൊരു നിലപാട് സഹോദരന്‍ സ്വീകരിച്ചതാണ് കണ്ണൂരിലെ പ്രധാന ചര്‍ച്ച.

ഫസലിനെ വകവരുത്തിയത് ആര്‍എസ്എസ് ആണെന്ന നിലപാടില്‍ സിപിഎം ഉറച്ചുനില്‍ക്കുകയാണ്. സത്യം മനസ്സിലാക്കിയതുകൊണ്ടാണ് സഹോദരന്റെ നിലപാട് മാറ്റമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളുടെ പ്രതികരണം.

Top