യെച്ചൂരിയുടേത് അവസരവാദ നിലപാടെന്ന് കെ.കെ.രാഗേഷ്, സി.പി.എം നിലപാട് ഉടന്‍ . .

ragesh

ഹൈദരാബാദ്: കോണ്‍ഗ്രസ്സ് ബന്ധം സംബന്ധിച്ച് രാത്രി അന്തിമ തീരുമാനമെടുക്കാന്‍ നില്‍ക്കെ, സി.പി.എമ്മില്‍ ഭിന്നത രൂക്ഷം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെതിരെ അതിരൂക്ഷമായ പ്രതികരണങ്ങളാണ് കേരള ഘടകം ഉയര്‍ത്തിയത്. ഇവിടെ നിന്നും ചര്‍ച്ചയില്‍ പങ്കെടുത്ത രാഗേഷാണ് യെച്ചൂരിയെ കടന്നാക്രമിച്ചത്.

യെച്ചൂരിക്ക് നിരാശയാണെന്നും അതില്‍ നിന്നാണ് ബദല്‍ നീക്കങ്ങള്‍ ഉണ്ടായതെന്നും രാഗേഷ് വിമര്‍ശിച്ചു. കോണ്‍ഗ്രസ്സിനായി പിന്‍വാതില്‍ തുറന്നിട്ടാണ് യെച്ചൂരി പ്രവൃത്തിക്കുന്നതെന്നും കേന്ദ്ര കമ്മിറ്റിയില്‍ തീര്‍ക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസ്സ് വരെ വലിച്ചിഴച്ചത് ശരിയായില്ലെന്നും രാഗേഷ് ചൂണ്ടാക്കാട്ടി.

രാഷ്ട്രീയ രേഖ സംബന്ധിച്ച ചര്‍ച്ചയില്‍ ഇതുവരെ 43 പേര്‍ പങ്കെടുത്തിട്ടുണ്ട്. വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ കേരള ഘടകം ഒറ്റക്കെട്ടായി കാരാട്ടിന് പിന്നില്‍ അണി നിരന്നപ്പോള്‍ ബംഗാള്‍ ഘടകത്തില്‍ നിന്ന് സംസാരിച്ച പ്രതിനിധികളിലൊരാള്‍ കോണ്‍ഗ്രസ്സ് ബന്ധത്തെ തള്ളി പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിനെ പിന്താങ്ങിയിരുന്നു. കേരളത്തില്‍ നിന്നുള്ള പി. രാജീവും കെ.എന്‍. ബാലഗോപാലും കോണ്‍ഗ്രസ്സ് ബന്ധത്തെ നിശിതമായി എതിര്‍ത്തു.

കേരളം, ത്രിപുര, ഹരിയാന, ഹിമാചല്‍ പ്രദേശ്, ആന്ധ്രപ്രദേശ്, ബിഹാര്‍, കര്‍ണാടക, അസം, രാജസ്ഥാന്‍, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് കാരാട്ട് പക്ഷത്തെ പിന്താങ്ങിയത്. ബംഗാള്‍, തമിഴ്‌നാട്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ് പ്രതിനിധികളാണ് യെച്ചൂരിയുടെ അഭിപ്രായത്തെ പിന്തുണച്ചത്. ഛത്തിസ്ഗഢ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ രണ്ട് പക്ഷത്തോടും ചേര്‍ന്നില്ല.

ഛത്തിസ്ഗഢില്‍ നിന്നുള്ള പ്രതിനിധി പാര്‍ട്ടിയുടെ രാഷ്ട്രീയ ലൈന്‍ തന്നെ ശരിയല്ലെന്ന് വിമര്‍ശിച്ചപ്പോള്‍ ഗുജറാത്തില്‍നിന്നുള്ള പ്രതിനിധി സമവായത്തിലെത്തണമെന്ന് അഭ്യര്‍ഥിച്ചു.

സാധാരണ നടപടിക്രമങ്ങളില്‍ നിന്നും മാറി രാഷ്ട്രീയ രേഖയില്‍ രഹസ്യ വോട്ടെടുപ്പ് നടന്നാല്‍ ഫലം എന്താകും എന്ന കാര്യത്തില്‍ പ്രകാശ് കാരാട്ട് പക്ഷത്തും ആശങ്കയുണ്ട്. ബദല്‍ രേഖ പരാജയപ്പെട്ടാല്‍ സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നില്‍ക്കാനാണ് സാധ്യത.

ഇതിനിടെ വോട്ടെടുപ്പിനുള്ള സാധ്യത തള്ളാതെ പ്രകാശ് കാരാട്ടും രംഗത്ത് വന്നു. അംഗങ്ങൾ ഭേദഗതി ആവശ്യപ്പെട്ടാൽ വോട്ടെടുപ്പ് നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Top