കൊടുവള്ളിയില്‍ വീണ്ടും മത്സരിക്കുമെന്ന് കാരാട്ട് റസാഖ്

കോഴിക്കോട്: കൊടുവള്ളിയില്‍ ഇടത് സ്വതന്ത്രനായി വീണ്ടും മത്സരിക്കുമെന്ന് കാരാട്ട് റസാഖ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ഞെട്ടിച്ച് നിയമസഭയിലെത്തിയ എം.എല്‍.എ.യാണ് കാരാട്ട് റസാഖ്. ലീഗിന്റെ കോട്ട അട്ടിമറിച്ചാണ് 2016-ല്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച് കാരാട്ട് റസാഖ് ജയിച്ചുകയറിയത്. ഇത്തവണ എതിരാളി ആരായാലും പ്രശ്‌നമില്ലെന്നും നല്ല ആത്മവിശ്വാസത്തിലാണെന്നും കാരാട്ട് റസാഖ് പറഞ്ഞു.

ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ഇടതുപക്ഷത്തിന്റെ ബന്ധപ്പെട്ട ആളുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആ നിലയ്ക്ക് ഇത്തവണയും മത്സരിക്കുകയാണെങ്കില്‍ ഒരുപാട് പിന്തുണയും തേടേണ്ടതുണ്ട്. അതിനുവേണ്ടിയുളള ആശയവിനിമയം നടത്തിവരികയാണ്. പിന്തുണ വീണ്ടും ലഭിക്കുകയാണെങ്കില്‍ വീണ്ടും മത്സരിക്കണമെന്നാണ് ആഗ്രഹം.-അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ചൂണ്ടിക്കാണിക്കാന്‍ നേട്ടങ്ങളോ വികസനപ്രവര്‍ത്തനങ്ങളോ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ കൊടുവളളി നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കിയിട്ടുളള വികസനങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്. അതുകൊണ്ട് തന്നെ മുസ്ലീംലീഗിന്റെ പഴയ സ്ഥാനാര്‍ഥികള്‍ വന്നാല്‍ ഭയപ്പടേണ്ട സാഹചര്യം നിലവില്‍ ഇല്ല.’ റസാഖ് പറയുന്നു.

 

Top