കാരാട്ട് റസാഖിന് എംഎല്‍എയായി തുടരാം; തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് സുപ്രീംകോടതി സ്‌റ്റേ

ന്യൂഡല്‍ഹി; കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ. കൊടുവള്ളി എം എല്‍ എ കാരാട്ട് റസാഖിന് എംഎല്‍എ സ്ഥാനത്ത് തുടരാമെന്ന് സുപ്രീംകോടതി വിധിച്ചു. എം എല്‍ എ എന്ന നിലയില്‍ വോട്ടു ചെയ്യാനും ആനുകൂല്യങ്ങള്‍ കൈപ്പറ്റാനുമാകില്ലെന്ന് കോടതി വ്യക്തമാക്കി.
സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് കാരാട്ട് റസാഖ് പ്രതികരിച്ചു.

വോട്ടര്‍മാരായ കെ പി മുഹമ്മദും മൊയ്തീന്‍ കുഞ്ഞും നല്‍കിയ ഹര്‍ജിയിന്മേലായിരുന്നു കൊടുവള്ളി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേരള ഹൈക്കോടതി റദ്ദാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ഥി എം.എ.റസാഖിനെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്ന പരാതിയിലായിരുന്നു ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ ഉത്തരവിട്ടത്. ഈ വിധിയിന്മേലാണ് സുപ്രീംകോടതി ഇപ്പോള്‍ സ്റ്റേ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എം എ റസാഖിന്റെ പേരില്‍ ഒത്തുതീര്‍പ്പാക്കിയ സാമ്പത്തിക ഇടപാട് കേസ് വീണ്ടും കുത്തിപ്പൊക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അപമാനിച്ചു എന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. അതേസമയം യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കണം എന്ന ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.

Top