എം.എല്‍.എമാരുടെ അയോഗ്യത, ആര്‍.ടി.ഐ നിയമപരിധി;സുപ്രധാന ഹര്‍ജികളില്‍ വിധി ഇന്ന്

ന്യൂഡല്‍ഹി : കര്‍ണാടക എം.എല്‍.എമാരുടെ അയോഗ്യതയും ആര്‍.ടി.ഐ നിയമപരിധിയും ചോദ്യം ചെയ്തുള്ള സുപ്രധാന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. രാവിലെ 10.30ന് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക.

കൂറുമാറിയ കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി ഇന്ന് വിധി പറയുന്നത്. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ച് നേരത്തെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു.

അതേസമയം ചീഫ് ജസ്റ്റിസും ജഡ്ജിമാരുടെ നിയമനവും അടക്കമുള്ളവ വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉച്ചക്ക് രണ്ട് മണിക്കും വിധി പറയും.

ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസുമാരായ എന്‍.വി രമണ, ഡി. വൈ ചന്ദ്രചൂ‍ഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരാണ് ബഞ്ചിലെ മറ്റംഗങ്ങള്‍. ഉച്ചക്ക് രണ്ട് മണിക്കാണ് വിധി പറയുക. ഇതോടൊപ്പം 2017 ധനകാര്യ നിയമമനുസരിച്ച് വിവിധ ട്രിബ്യൂണലുകളുടെ അധികാര പരിധി ലഘൂകരിച്ച നടപടി ചോദ്യം ചെയ്തുള്ള ഹരജിയിലും ഇതേ ബഞ്ച് വിധി പറയും.

Top