കര്‍ണാടക പ്രതിസന്ധി: വിമതര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: തങ്ങളുടെ രാജി സ്വീകരിക്കാത്ത കര്‍ണാടക സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് വിമതര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഭൂരിപക്ഷം നഷ്ടമായ സര്‍ക്കാരിനെ രക്ഷിക്കാന്‍ സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്നാണ് വിമതര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഹര്‍ജിയില്‍ കോടതി എന്ത് നിലപാട് സ്വീകരിക്കുന്നുവെന്നത് അനുസരിച്ചിരിക്കും സര്‍ക്കാരിന്റെ ഭാവി.

ബുധനാഴ്ച തന്നെ ഹര്‍ജി കേള്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ ആവശ്യപ്പെട്ടുവെങ്കിലും വ്യാഴാഴ്ചയാകാമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. തങ്ങളുടെ രാജി സ്വീകരിക്കാതെ കര്‍ണാടക സ്പീക്കര്‍ ഭരണഘടനപരമായ ബാധ്യത പരിത്യജിച്ചുവെന്ന് വിമതര്‍ ഹരജിയില്‍ ബോധിപ്പിച്ചു. തങ്ങളോട് നേരില്‍വന്ന് രാജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് 12നാണെന്നും അന്നേദിവസം നിയമസഭ സമ്മേളനം തുടങ്ങുകയാണെന്നും വിമതര്‍ ചൂണ്ടിക്കാട്ടി.

മുന്‍കൂട്ടി ഇവരെ അയോഗ്യരാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സ്പീക്കറുടെ നടപടിയെന്ന് അവര്‍ ആരോപിച്ചു. രാജിവെച്ചവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത് നിയമവിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

Top