പ്രചരണം തുടങ്ങും മുൻപേ അധികാരമോഹവും തുടങ്ങി, കർണ്ണാടകയിലും കോൺഗ്രസ്സിൽ പ്രതീക്ഷ അരുത് !

ര്‍ണാടക ഭരണം പിടിക്കുമെന്ന പ്രതീതി ഉണ്ടാക്കി കുതിക്കുന്ന കോണ്‍ഗ്രസ്സിന്, സ്വന്തം പാളയത്തില്‍ തന്നെ വമ്പന്‍ തിരിച്ചടി. നേതാക്കളിലെ അധികാരമോഹം മറനീക്കി പുറത്ത് വന്നതോടെ, കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം ലഭിച്ചാല്‍ പോലും, ഭരിക്കാന്‍ കഴിയുമോ എന്ന സംശയമാണ് വ്യാപകമായി ഉയര്‍ന്നിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് പാര്‍ട്ടിക്കുള്ളില്‍ ആദ്യവെടി പൊട്ടിച്ചിരിക്കുന്നത്. ” താനും ഡി.കെ ശിവകുമാറും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍, മുഖ്യമന്ത്രി പദം ഡി.കെ.ശിവകുമാറിന് ഹൈക്കമാന്‍ഡ് നല്‍കില്ലന്നുമാണ് ”- സിദ്ധരാമയ്യ തുറന്നടിച്ചിരിക്കുന്നത്. താന്‍ അവസാനമായിട്ടായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും, അതുകൊണ്ടു തന്നെ, പ്രായത്തില്‍ മുതിര്‍ന്നവനായ തന്നെയാകും പരിഗണിക്കുക എന്നുമാണ്, എഴുപത്തിയഞ്ചുകാരനായ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ ആത്മവിശ്വാസം, അധികാരം ലഭിക്കുമെന്ന , കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന്റെ ആത്മവിശ്വാസത്തിനാണ് തിരിച്ചടിയായിരിക്കുന്നത്.

കോണ്‍ഗ്രസ്സിന് അധികാരം ലഭിച്ചാല്‍, സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയില്ലങ്കില്‍, അത് കോണ്‍ഗ്രസ്സിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുക. അതായത്, ചരിത്രം ആവര്‍ത്തിച്ചാലും അത്ഭുതപ്പെടേണ്ടതില്ലന്നത് വ്യക്തം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്സ് – ജെ.ഡി.എസ് സര്‍ക്കാര്‍ നിലംപൊത്തിയത് , ഭരണപക്ഷ എം.എല്‍.എമാരെ ബി.ജെ.പി പിളര്‍ത്തിയതു കൊണ്ടായിരുന്നു. ഇത്തവണ സിദ്ധരാമയ്യ തന്നെ ഉടക്കിയാല്‍ , അത് ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാക്കും. ദിനേശ് ഗുണ്ട് റാവുവിനു പകരമായി 2020ലാണ് ഡി.കെ.ശിവകുമാര്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകുന്നത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമയത്താണ് ഏറെക്കാലമായി ശത്രുത പുലര്‍ത്തിയിരുന്നന്ന സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും, പരസ്പരം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നത്. ഈ സമവായമാണിപ്പോള്‍ , സിദ്ധരാമ്മയ്യയുടെ പ്രതികരണത്തോടെ തകര്‍ന്നിരിക്കുന്നത്. ഡി.കെ ശിവകുമാര്‍ ഇതിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചിട്ടില്ലങ്കിലും, ഡി.കെ വിഭാഗത്തില്‍ സിദ്ധരാമയ്യയുടെ പ്രതികരണത്തിനെതിരെ പ്രതിഷേധം ശക്തമാണ്. പുതിയ സാഹചര്യത്തില്‍, പരമാവധി തങ്ങള്‍ക്ക് അനുകൂലമായവരെ മത്സര രംഗത്തിറക്കാനാണ് ഇരുപക്ഷവും ശ്രമിക്കുന്നത്. കോണ്‍ഗ്രസ്സിലെ ഈ ചേരിപ്പോര്, വോട്ടെടുപ്പിലും പ്രകടമായാല്‍ , അവരുടെ സ്വന്തം സ്ഥാനാര്‍ത്ഥികള്‍ക്ക് തന്നെയാണ് തിരിച്ചടിയാകുക.ഇതിനകം പകുതിയോളം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും, ഇനിയുള്ള സ്ഥാനാര്‍ഥി നിര്‍ണയം പോലും പ്രതിസന്ധിയിലായിരിക്കുകയാണ്. ആര് മുഖ്യമന്ത്രി ആകണമെന്നതിനെ ആശ്രയിച്ചാണ് പല സ്ഥാനാര്‍ഥിത്വവും പ്രഖ്യാപിക്കപ്പെടുന്നത്. ഇതോടെ രണ്ടുപേരെയും ഒരുമിച്ചു കൊണ്ടുപോകേണ്ടത് ഹൈക്കമാന്‍ഡിനു വലിയ ബാധ്യതയായിരിക്കുകയാണ്.

ഡി.കെ എഫക്ടാണ് കോണ്‍ഗ്രസ്സിന് ഊര്‍ജ്ജം പകരുന്നത് എന്നതിനാല്‍, ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം ഡി.കെക്കു തന്നെ നല്‍കണമെന്നതാണ് ഹൈക്കമാന്റിലെ ഒരു വിഭാഗത്തിന്റെ ആഗ്രഹം. എന്നാല്‍, ജനകീയനായ സിദ്ധരാമയ്യയെ ഭയന്ന്, ഇക്കാര്യം തുറന്നു പറയാന്‍ ഒരു നേതാവും തയ്യാറല്ലന്നതാണ് യാഥാര്‍ത്ഥ്യം. മേയ് പത്തിനാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 13ന് ഫലപ്രഖ്യാപനവും നടക്കും. ഫലപ്രഖ്യാപനത്തിന് മുന്‍പ് തന്നെ വിജയ സാധ്യതയുള്ള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റാനും , നേതൃത്വം ആലോചിക്കുന്നുണ്ട്. കൂറുമാറ്റം തടയാനാണിത്. അതേസമയം, കോണ്‍ഗ്രസ്സില്‍ വീണ്ടും അധികാര മോഹം തലപ്പൊക്കുന്നത് , തങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പിയുള്ളത്. വേണ്ടി വന്നാല്‍, ജെ.ഡി.എസുമായി തിരഞ്ഞെടുപ്പിന് ശേഷം കൈ കോര്‍ക്കാനുള്ള സാധ്യതയും, ബി.ജെ.പി നേതൃത്വം തള്ളിക്കളയുന്നില്ല. ആം ആദ്മി പാര്‍ട്ടി കൂടി മത്സര രംഗത്തിറങ്ങുന്നതോടെ, പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുമെന്നും, ബി.ജെ.പി കണക്കു കൂട്ടുന്നുണ്ട്. സര്‍ക്കാര്‍ വിരുദ്ധ വികാരം മറികടക്കാന്‍ , വിപുലമായ പ്രചരണ തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്. നിലവിലെ മുപ്പത് ശതമാനം എം.എല്‍.എമാര്‍ക്കാണ് ബി.ജെ.പി സീറ്റുകള്‍ നിഷേധിച്ചിരിക്കുന്നത്. പുതുമുഖങ്ങളെ കൂടുതലായി രംഗത്തിറക്കി കളം പിടിക്കാനാണ് നീക്കം. സീറ്റുകള്‍ ലഭിക്കില്ലന്ന് ഉറപ്പായതോടെ, ബി.ജെ.പി വിട്ട് കോണ്‍ഗ്രസ്സിലേക്ക് പോകുന്ന എം.എല്‍.എമാരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. ഇവര്‍ക്ക് സീറ്റുകള്‍ നല്‍കുന്നതില്‍, കോണ്‍ഗ്രസ്സിനകത്തും ഭിന്നത രൂക്ഷമാണ്. ബി.ജെ.പി വിമതര്‍ക്ക് സീറ്റുകള്‍ നല്‍കിയാല്‍ , അവര്‍ തിരഞ്ഞെടുപ്പിനു ശേഷം തിരിച്ചു പോകില്ലന്ന് എന്താണ് ഉറപ്പെന്ന ചോദ്യവും, അണികളില്‍ നിന്നും കോണ്‍ഗ്രസ്സ് നേരിടുന്നുണ്ട്.

ബി.ജെ.പി എം.എല്‍.എ മാരെ ഒപ്പംകൂട്ടി ഭരണം പിടിക്കുമെന്ന പ്രതീതി കോണ്‍ഗ്രസ്സ് സൃഷ്ടിക്കുമ്പോള്‍ , വിജയിച്ച് വരുന്ന കോണ്‍ഗ്രസ്സ് എം.എല്‍.എമാരെ അടര്‍ത്തിയെടുത്തായാലും, ഭരണം നിലനിര്‍ത്തണമെന്ന , പ്രായോഗിക രാഷ്ട്രീയമാണ് ബി.ജെ.പി കര്‍ണ്ണാടകത്തില്‍ പയറ്റുന്നത്. സിദ്ധരാമയ്യയുടെ നിലപാടും ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക് ശക്തി പകരുന്നതാണ്. കേവല ഭൂരിപക്ഷം ലഭിച്ചില്ലങ്കില്‍, ജെ.ഡി.എസിനെയും സിദ്ധരാമയ്യ വിഭാഗത്തെയും ഒപ്പം കൂട്ടി ഭരണം പിടിക്കാനാണ് , ബി.ജെ.പി പ്ലാന്‍ തായാറാക്കിയിരിക്കുന്നത്.

                                                                                        EXPRESS KERALA VIEW

Top