മിസൈല്‍ വിക്ഷേപണ സാമഗ്രികളെന്ന് സംശയം; കറാച്ചിയിലേക്ക് പുറപ്പെട്ട കപ്പല്‍ പിടിച്ചെടുത്തു

അഹമ്മദാബാദ്: ഓട്ടോക്ലേവെന്ന് തെറ്റിദ്ധരിപ്പിച്ച് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കറാച്ചിയിലേക്ക് പുറപ്പെട്ട കപ്പല്‍ ഇന്ത്യന്‍ നാവിക സേന കസ്റ്റഡിയിലെടുത്തു. മിസൈല്‍ വിക്ഷേപണ ഉപകരണങ്ങളുമായി ഹോങ്കോങ്ങിന്റെ പതാകയുമായെത്തിയ കപ്പലാണ് പിടികൂടിയത്. ഫെബ്രുവരി മൂന്നിനാണ് ഡാ സ്യു യുന്‍ എന്ന കപ്പല്‍ പിടികൂടി കണ്ട്‌ല തുറമുഖത്ത് എത്തിച്ചത്. ഡിആര്‍ഡിഒ ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കപ്പല്‍ പരിശോധിച്ചു. ആണവ ശാസ്ത്രജ്ഞര്‍ വീണ്ടും പരിശോധിക്കും. കപ്പല്‍ പിടികൂടിയത് രാജ്യസുരക്ഷ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥരും ഗൗരവമായാണ് കാണുന്നത്.

കപ്പലിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിട്ടില്ല. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ യാങ്ട്‌സെ നദീ തുറമുഖത്ത് നിന്നാണ് കപ്പല്‍ കറാച്ചിയിലെ ഖാസിം തുറമുഖത്തേക്ക് പുറപ്പെട്ടത്. പാകിസ്ഥാന്‍ ഉത്തരകൊറിയയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുന്നുണ്ടെന്നും ഇന്ത്യ സംശയിക്കുന്നു. 28,341 ടണ്‍ ശേഷിയുള്ള കപ്പല്‍ 166 മീറ്റര്‍ നീളവും 27 മീറ്റര്‍ വീതിയുമുണ്ട്. ഹോങ്കോങ് തുറമുഖത്ത് 2011ലാണ് കപ്പല്‍ നിര്‍മിച്ചത്. അതേസമയം, മിസൈല്‍ വിക്ഷേപണ ഉപകരണങ്ങള്‍ അല്ല കപ്പലിലുള്ളതെന്നും ജലശുദ്ധീകരണ യന്ത്ര സാമഗ്രികളാണെന്നുമാണ് കപ്പല്‍ അധികൃതരുടെ വാദം.

Top