ആന്ധ്രയില്‍ കാപ്പ് സമുദായത്തിനും മുന്നാക്കരിലെ പിന്നാക്കര്‍ക്കും സംവരണം

അമരാവതി: ആന്ധ്രയിലെ കാപ്പ് സമുദായത്തിനും മുന്നോക്ക വിഭാഗത്തിലെ സാമ്പത്തിമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും 5 ശതമാനം സംവരണം ഏര്‍പ്പെടുത്തി ടി.ഡി.പിസര്‍ക്കാര്‍.

മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ആന്ധ്രയുടെ കിഴക്ക്, പടിഞ്ഞാറന്‍ ഗോദാവരി മേഖലയിലെ പ്രബല വിഭാഗക്കാരാണ് കാപ്പ് സമുദായം. 2016 മുതല്‍ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി സമുദായം മുമ്പ് രംഗത്ത് വന്നിരുന്നു.

കോണ്‍ഗ്രസും വൈ.എസ്.ആര്‍ കോണ്‍ഗ്രസും ഈ ആവശ്യത്തെ പിന്തുണച്ചെങ്കിലും തെലുങ്കുദേശം പാര്‍ട്ടി ഇതിനെ എതിര്‍ത്തു.എന്‍.ടി.ആര്‍ ഭരോസ പദ്ധതിയിലുള്ള ക്ഷേമ പെന്‍ഷനുകള്‍ ഇരട്ടിയാക്കാനും നായിഡു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

നിലവില്‍ 1000, 1500 രൂപ വീതമുള്ള പെന്‍ഷന്‍ യഥാക്രമം 2000, 3000 രൂപയായി വര്‍ധിക്കും. 54.61 ലക്ഷം പേര്‍ക്ക് വര്‍ധനവിന്റെ ഗുണം ലഭിക്കും.

കുടിശികയായ ജീവനക്കാരുടെ രണ്ട് ഗഡു ഡി.എയില്‍ ഒരു ഗഡു നല്‍കാനും ഓട്ടോകള്‍ക്ക് ചുമത്തിയ ലൈഫ് ടാക്‌സിനും ട്രാക്ടറിന് ചുമത്തിയ ക്വാര്‍ട്ടേര്‍ലി ടാക്‌സിനും ഇളവ് നടത്താനും ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Top