കാപ്പയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

പൃഥ്വിരാജും ആസിഫ് അലിയും ഒന്നിക്കുന്ന ഷാജി കൈലാസ് ചിത്രമായ കാപ്പയുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡിസംബർ 22ന് ക്രിസ്മസ്‌ റിലീസ് ആയി ചിത്രം എത്തും. അപർണ ബാലമുരളിയും അന്ന ബെന്നുമാണ് ചിത്രത്തിൽ നായികമാരായി എത്തുക. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്.

ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ. സരിഗമയും തിയറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുക.

തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ കൊട്ടമധു എന്ന കഥാപാത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം- ജോമോൻ ടി ജോൺ, എഡിറ്റർ-ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടർ- മനു സുധാകരൻ, കലാസംവിധാനം- ദിലീപ് നാഥ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- സജി കാട്ടാക്കട, സ്റ്റിൽസ്-ഹരി തിരുമല, പി.ആർ.ഒ – ശബരി.

Top