കപ്പ ചില്ലറക്കാരൻ അല്ല; ആമസോണിൽ വില 250

ലയാളിയുടെ ഇഷ്ട ഭക്ഷണത്തിൽ മുൻപന്തിയിലാണ് കപ്പ. ആഹാരപ്രിയരായ മലയാളികളിൽ കപ്പയും മീൻ കറിയും കഴിക്കാത്തവരുണ്ടാകില്ല. അത്രത്തോളം പ്രിയങ്കരമാണ് നമുക്ക് കപ്പ. നല്ല മീൻകറിയോ, കാന്താരി ചതച്ചു ചേർത്ത ചമ്മന്തികൂട്ടി കപ്പ കഴിക്കാമെന്ന് വെച്ചാൽ അത്യാവശ്യം വില കൊടുക്കേണ്ടിവരും ഇപ്പോൾ. 50 രൂപക്ക് അടുത്താണ് കപ്പയ്ക്ക് ഇപ്പോൾ വില. ചുരുങ്ങിയ ദിവസംകൊണ്ട് 25 മുതൽ 27 രൂപ വരെയാണു വില കൂടിയത്.

കഴിഞ്ഞ സീസണിലെ വിലത്തകർച്ച മറികടന്നാണ് കപ്പ വില കർഷകർക്ക് വലിയ പ്രതീക്ഷ നൽകി മുകളിലേക്ക് കുതിക്കുന്നത്. അതേസമയം, ഫ്രഷ് കേരള ടപ്പിയോക്ക എന്നു ആമസോണ്‍ തിരഞ്ഞാല്‍ വില രണ്ട് കിലോഗ്രാമിനു 500 രൂപയാണ്. എന്നാലിപ്പോൾ നല്ല വില ലഭിച്ചു തുടങ്ങിയതോടെ കർഷകരും സന്തോഷത്തിലാണ്. മുന്തിയ ഇനം കപ്പക്ക് നല്ല വിലയാണ് കർഷകർക്ക് ലഭിക്കുന്നത്. ഹോട്ടലിലും കപ്പ വിഭവങ്ങൾക്ക് ആവശ്യക്കാരേറെയായി. അതേസമയം, കപ്പയുടെ ലഭ്യത വളരെ കുറഞ്ഞതാണ് വില കൂടാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഗ്രാമീണ മേഖലയിൽ കിലോഗ്രാമിനു 35 മുതൽ 40 രൂപ വരെയാണ് കപ്പക്ക് വില. അതേസമയം, നഗരപ്രദേശങ്ങളിൽ 45 രൂപക്ക് മുകളിലേക്കാണ് വില. ഗുണമേന്മയ്ക്കനുസരിച്ച് വ്യത്യാസമുണ്ടാകും. ഇപ്പോൾ വലിയ മേന്മയില്ലാത്ത കപ്പക്ക് പോലും 40 രൂപ വരെ നൽകണം. രണ്ട് മാസം മുമ്പ് വരെ വലിയ വിലത്തകർച്ചയിൽ കർഷകർ നട്ടം തിരിഞ്ഞപ്പോഴാണ് ഇപ്പോഴത്ത ഈ വർദ്ധന. കഴിഞ്ഞ സീസണിൽ മധ്യകേരളത്തിൽ കപ്പയുടെ മൊത്തവില എട്ടുരൂപവരെയായി താഴ്ന്നിരുന്നു. അതോടെ കപ്പ കർഷകർ പലരും ദുരിതത്തിലായി. വില ഇടിഞ്ഞതിനാൽ പലരും വിളവ് പോലും എടുത്തില്ല. വിളവെടുക്കുന്ന തുക പോലും ആദായമായി ലഭിക്കാത്തതായിരുന്നു കാരണം.

Top